| Thursday, 29th March 2018, 12:21 am

ജാതിയും മതവും ഇല്ലാതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഊതിപ്പെരുപ്പിച്ചതോ? സംഖ്യ ഉയരാന്‍ കാരണം സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ നല്‍കിയപ്പോള്‍ ഉണ്ടായ പിഴവെന്ന് അധ്യാപകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ സ്‌കൂളുകളില്‍ ജാതിയുടേയും മതത്തിന്റേയും കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇതു സംബന്ധിച്ച കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. കണക്കു പ്രകാരം 9,209 സ്‌കൂളുകളിലായി 1,23,630 കുട്ടികളാണ് 2017-18 അധ്യയന വര്‍ഷത്തില്‍ പഠിക്കുന്നത്.

എന്നാല്‍ ഈ കുട്ടികളുടെ എണ്ണം ഉയരാന്‍ കാരണം സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയറില്‍ സ്‌കൂളില്‍ നിന്നു വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായ പിഴവാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു അധ്യാപകന്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അല്‍-ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ അഷ്‌കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അഷ്‌കര്‍ ഇക്കാര്യം പറഞ്ഞത്.


Also Read: സി.ഐ.ടി.യുവിനെ നിരോധിക്കണണമെന്ന് ബി.ജെ.പി എം.എല്‍.എ; ത്രിപുര നിയമസഭയില്‍ ബഹളം


മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉള്ള സ്‌കൂളാണ് അല്‍-ഹിദായത്ത് സ്‌കൂള്‍. 1,011 കുട്ടികളാണ് ഈ സ്‌കൂളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ കാരണം അവതാരകന്‍ ചോദിച്ചപ്പോഴാണ് അഷ്‌കര്‍ കണക്കിലെ പിഴവിനെ പറ്റി വെളിപ്പെടുത്തിയത്.

അല്‍-ഹിദായത്ത് സ്‌കൂളില്‍ 1,011 കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രിയുടെ കണക്ക് ശരിയാണോ എന്നായിരുന്നു അവതാരകനായ വിനു വി. ജോണിന്റെ ആദ്യ ചോദ്യം. ഇത് തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ ജാതിയും മതവും വ്യക്തമായി രേഖപ്പെടുത്തിയാണ് അഡ്മിഷന്‍ നടത്തിയത് എന്നും അഷ്‌കര്‍ പറഞ്ഞു.

അഷ്‌കറിന്റെ വാക്കുകള്‍ ഇങ്ങനെ:

“കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് നല്‍കുന്ന ഫോമില്‍ ജാതിയും മതവുമെല്ലാം ഉണ്ട്. പക്ഷേ “സമ്പൂര്‍ണ്ണ” എന്ന സോഫ്റ്റ്‌വെയറിലൂടെ ഓണ്‍ലൈനായാണ് സര്‍ക്കാറിന് കുട്ടികളുടെ വിവരങ്ങള്‍ നല്‍കുന്നത്. സമ്പൂര്‍ണ്ണയില്‍ വളരെ കൃത്യതയോടെ വിവരങ്ങള്‍ ചേര്‍ക്കണമെന്ന നിര്‍ബന്ധമില്ല. സമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായ പിഴവാണ് ജാതി/മത രഹിതരായ കുട്ടികളുടെ എണ്ണം ഇത്രയും ഉയരാന്‍ കാരണം. സ്‌കൂളില്‍ വന്ന് അഡ്മിഷന്‍ ഫോമുകള്‍ പരിശോധിച്ചാല്‍ ഓരോ ഫോമിലും കുട്ടികളുടെ ജാതിയും മതവും രേഖപ്പെടുത്തിയത് കാണാം. സ്‌കൂളിലെ ഒരു കുട്ടി പോലും ജാതിയും മതവും രേഖപ്പെടുത്താത്തതായി ഇല്ല. അല്‍-ഹിദായത്ത് സ്‌കൂളില്‍ ആകെ പഠിക്കുന്നത് 1,011 കുട്ടികളാണ്. സമ്പൂര്‍ണ്ണ മുഖേനെയാണ് ടി.സി ഉള്‍പ്പെടെ എല്ലാം ഇപ്പോള്‍ ചെയ്യുന്നത്. സമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായ പിഴവാണ് എണ്ണം ഉയരാന്‍ കാരണം.”


Don”t Miss: 2018-ലെ ലോകത്തെ മികച്ച കാറായി വോള്‍വോ എക്‌സ്.സി 60-നെ തെരഞ്ഞെടുത്തു; മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ


അധ്യാപകന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ നിയമസഭയില്‍ മന്ത്രി ഇന്ന് നല്‍കിയ മുഴുവന്‍ കണക്കിന്റേയും വിശ്വാസ്യതയേയും ഇത് ബാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

നിയമസഭയില്‍ ഡി.കെ മുരളി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വിദ്യാഭ്യാസവകുപ്പ് മന്ത്രി രവീന്ദ്രനാഥ് ഈ കണക്കുകള്‍ പറഞ്ഞത്. 2017-18 അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 123630 കുട്ടികളും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷവും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്.


Related News: ഇവര്‍ക്ക് ജാതിയില്ല; ഒന്നേക്കാല്‍ ലക്ഷം കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതെ


അതേസമയം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജാതി, മതം എന്നിവയക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് അവര്‍ ചര്‍ച്ച കാണാം:

We use cookies to give you the best possible experience. Learn more