കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിയെയാണ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിയെയാണ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
നവംബര്‍ 29നാണ് കമ്മീഷണര്‍ രജീഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തയച്ചത്. യു.എ.പി.എ പ്രകാരം കേസെടുക്കാന്‍ കഴിയുന്ന ഗൗരവമായ കുറ്റകൃത്യത്തില്‍ രജീഷ് ഏര്‍പ്പെട്ടുവെന്നാണ് പൊലീസിന്റെ ആരോപണം. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് രജീഷ് കൊല്ലക്കണ്ടി.
കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ കത്ത് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ രജീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ഇതിനാല്‍ 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട നിയമപ്രകാരം ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നുമെന്നുമാണ് ഉത്തരവിലുള്ളത്.
എന്നാല്‍ തനിക്കെതിരെ കേരളത്തിലെവിടെയും യു.എ.പി.എ കേസ് നിലവിലില്ലെന്ന് രജീഷ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളുടെ മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ട് ലഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതാണ് പോലീസിനെ പ്രകോപിച്ചത്. ഇത് പ്രതികാര നടപടിയാണ്. മരണപ്പെട്ടയാളുടെ ശരീരം ബന്ധുക്കള്‍ക്ക് വിട്ട് കിട്ടാന്‍ നിയമ പ്രകാരം ഇടപെടുന്നത് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്നും രജീഷ് ചോദിക്കുന്നു.
നിലവില്‍ ഒരു ക്രിമിനല്‍ കുറ്റത്തിനും ശിക്ഷിക്കപ്പെടാത്തയാളാണ് രജീഷെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അനീതിയെ ചോദ്യം ചെയ്യുന്നതാണ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെങ്കില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ആ സര്‍വീസ് ചട്ടങ്ങളും ചോദ്യം ചെയ്യപ്പെടട്ടെ…ജനാധിപത്യത്തിന്റെ വികാസത്തിന് നിരോധനങ്ങളും നിയന്ത്രണങ്ങളുമല്ല വേണ്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ശശികലയെപോലെ ഒരാള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി സുരക്ഷിതമായി ജീവിക്കുന്ന നാട്ടിലാണ് രജീഷ് സസ്‌പെന്‍ഷനിലാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്‍ ആരോപിച്ചു. കോഴിക്കോട്ട് വന്ന കുപ്പുദേവരാജന്റെ ബന്ധുക്കള്‍ക്ക് ഹോട്ടല്‍ മുറി എടുത്ത് കൊടുത്തതിന്റെ പേരിലും നിയമപരമായി മൃതദേഹം ഏറ്റുവാങ്ങുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തതിന്റെ പേരിലുമാണിത്. ഇത് അനുവദിക്കാന്‍ കഴിയില്ല. ഒപ്പം നില്‍ക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിനു പിന്നാലെ രജീഷിനെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ മുന്നണി രംഗത്തെത്തി. രജീഷിനെ അകാരണമായാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതെന്ന് വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ മുന്നണി ചെയര്‍മാന്‍ എ വാസു പറഞ്ഞു. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌കരിക്കാനും ബന്ധുക്കളെ സഹായിച്ചു എന്നതാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജീഷ് കൊല്ലക്കണ്ടിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയെ ജനകീയമനുഷ്യാവകാശ പ്രസ്ഥാനം അപലപിച്ചു. രജീഷിനെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പ്രതികാര നടപടിയെന്ന നിലയ്ക്കാണ് രജീഷിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ജനറല്‍ സെക്രട്ടറി തുഷാര്‍ നിര്‍മ്മല്‍ സാരഥി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തരം പ്രതികാര നടപടികള്‍ ഒരു ജനാധിപത്യ ഭരണകൂട സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഭരണകൂട നടപടികളെ വിമര്‍ശിക്കുന്നവരെ ഭീകരപ്രവര്‍ത്തനം ആരോപിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയമാണ്.ജാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നു കാണിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിക്കുകയും കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണ്.
വ്യാജ ഏറ്റുമുട്ടല്‍ കൊലകളോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ഇത്തരംണ് രീതികളും കൂടി കേരളത്തിലേയ്ക്ക് പറിച്ചു നടാനുള്ള നീക്കമാണ് രജീഷിന്റെ സസ്‌പെന്‍ഷനു പിന്നിലുള്ളത്. ബി.ജെ.പി.ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഈ കാര്യത്തില്‍ സി.പി.എം. ന്റെ പോളിറ്റ് ബ്യുറോ മെമ്പര്‍ മുഖ്യമന്ത്രിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും യാതൊരു വ്യതാസവുമില്ല എന്നുള്ളതും അപമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.