തൃശ്ശൂര്‍: സംസ്ഥാനത്ത് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് വരുന്നു. സവാരി എന്നാണ് പേര്.
സര്‍ക്കാരിന് പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനം രാജ്യത്ത് ഇതാദ്യമാണ്.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐ.ടി.ഐ.) ചേര്‍ന്നുള്ള ഈ സംരംഭത്തിന്റെ അന്തിമരൂപരേഖ തയ്യാറായതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത് കളമശ്ശേരി വി.എസ്.ടി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്. ആദ്യഘട്ടത്തില്‍ പത്ത് കോടി രൂപ നല്‍കുന്നത് ഐ.ടി.ഐ ആണ്.
ധനകാര്യ വകുപ്പിന്റെയും പൊലീസിന്റെയും അംഗീകാരം ലഭിച്ചശേഷം മാത്രമേ പദ്ധതിക്ക് തൊഴില്‍ വകുപ്പുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കുകയുള്ളു. അതിന് ശേഷമാകും ഔദ്യോഗികമായി നിലവില്‍ വരിക
കഴിഞ്ഞ മാര്‍ച്ചിലാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള പ്രതിസന്ധികളും കാരണം ഇത് നീണ്ടുപോയി. ഓണത്തിന് ശേഷം പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ക്ഷേമനിധി ബോര്‍ഡ്.
ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്‌സി കാര്‍, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി വന്നതിനെത്തുടര്‍ന്നുള്ള തൊഴില്‍നഷ്ടം നികത്താനാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഈ സേവനം നടപ്പാക്കും. പിന്നീട് സംസ്ഥാനത്തെ വലുതും ചെറുതുമായ പട്ടണങ്ങളില്‍ വ്യാപകമാക്കും. അതിന് ശേഷം എല്ലാ ജില്ലകളിലും ‘സവാരി’ പദ്ധതി നടപ്പാക്കുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ പറഞ്ഞു.
‘സവാരി’ ക്കായുള്ള ഓണ്‍ലൈന്‍ സേവനത്തിനുവേണ്ടിയുള്ള ട്രാക്കിങ് ഉപകരണം നിര്‍മ്മിച്ച് നല്‍കുന്നത് ഐ.ടി.ഐ ആണ്. 11,000 രൂപ വില വരുന്ന ട്രാക്കിംഗ് ഉപകരണം 5500 രൂപയ്ക്കാണ് നല്‍കുക.
പദ്ധതിയില്‍ ചേരാന്‍ 200 രൂപയുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഉണ്ടാവും. കോള്‍ സെന്റര്‍ സജ്ജീകരിക്കുന്നതും ഉപകരണത്തിന്റെ ഇന്‍സ്റ്റലേഷന്‍ അടക്കമുള്ള ജോലികളും ഐ.ടി.ഐ. നിര്‍വഹിക്കും.
സവാരി വരുന്നതോടെ ഗതാഗത സംവിധാനത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഏതുകോണിലും 24 മണിക്കൂര്‍ സേവനമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
അതോടൊപ്പം പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന സബ്സിഡി ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ട്രാക്കിംഗ് ഉപകരണത്തില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ അറുപത് ശതമാനം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. കൂടാതെ യാത്രക്കാരനും ഡ്രൈവര്‍ക്കും പരാതി നല്‍കാനുള്ള സംവിധാനങ്ങളും ഈ സേവനത്തോടൊപ്പം ഉണ്ടാകും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: online taxi in kerala