| Wednesday, 28th November 2018, 10:02 pm

യു.പി.എ സര്‍ക്കാരിന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്കുകള്‍ കുറച്ച് കാണിച്ച് മോദി സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കോണ്‍ഗ്രസ് നയിച്ച യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്കിന്റെ കണക്കുകളില്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഉദാരവല്‍കരണത്തിന് ശേഷം ആദ്യമായി രണ്ടക്കം(10.3) കണ്ട ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് തിരികെ 9 ശതമാനത്തില്‍ കൊണ്ടു വന്നിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

സമ്പദ്ഘടനയെ കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കുമെന്നാണ് ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം. 2004-2005ലെ കണക്കുകള്‍ക്കു പകരം 2011-2012ലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ തിരുത്തലുകള്‍. പുതിയ കണക്കുകള്‍ പ്രകാരം 2010-11 സാമ്പത്തിക വര്‍ഷം 8.5 ശതമാനം മാത്രമായിരുന്നു വളര്‍ച്ച എന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ(സി.എസ്.ഒ) കണക്കുകള്‍ പറയുന്നു. മുമ്പത്തെ കണക്കുകള്‍ പ്രകാരം ഇത് 10.3 ശതമാനം ആയിരുന്നു.


Also Read ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരും; സുഷമ സ്വരാജ്


പുതിയ കണക്കുകള്‍ പ്രകാരം 2005-2006ലെ വളര്‍ച്ചാ നിരക്ക് 9.3 ശതമാനത്തില്‍ നിന്നും 7.9ലേക്കും, 2006-2007ലെ വളര്‍ച്ചാ നിരക്ക് 9.3ല്‍ നിന്നും 7.9 ആയും, 2007-2008 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 9.8 ശതമാനത്തില്‍ നിന്നും 7.7 ശതമാനമായും കുറഞ്ഞു.

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഖനനം, ക്വാറി, ടെലകോം മേഖലയിലെ കണക്കുകളില്‍ വരുത്തിയ തിരുത്തലുകളാണ് പുതിയ കണക്കുകള്‍ക്ക് ആധാരം എന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രവിന്‍ ശ്രീവാസ്തവ, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Also Read സി.ബി.ഐ: അലോക് വര്‍മ്മയ്ക്ക് അസ്താനയുടെ ഫയലുകള്‍ പരിശോധിക്കാന്‍ ദല്‍ഹി കോടതിയുടെ അനുമതി


പുതിയ കണക്കുള്‍ തയ്യാറാക്കിയ വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും യു.എന്‍ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ളതുമാണെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.

പുതിയ രീതി ഉപയോഗിച്ചപ്പോള്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ ജി.ഡി.പി കണക്കുകള്‍ മാത്രം മാറിയത് യാദൃശ്ചികമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് “അതില്‍ യാദൃശ്ചികത ഒന്നുമില്ല. അവരുടെ കാലത്തെ സാമ്പത്തിക കണക്കുകള്‍ ശരിയാക്കിയതില്‍ സി.എസ്.ഒ ഉദ്യോഗസ്ഥരുടെ കഠിനാദ്ധ്യാനം മാത്രമാണ് ഇതില്‍ ഉള്ളത്” എന്നായിരുന്നു രാജീവ് കുമാറിന്റെ മറുപടി.


Also Read “പരസ്പരം കലഹിച്ച് ഇനി എത്ര നാൾ മുന്നോട്ട് പോകും”:പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ


സര്‍ക്കാരിന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ എന്തെങ്കിലും മനപ്പൂര്‍വം ചെയ്യാനോ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more