| Friday, 22nd January 2021, 2:26 pm

ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റുള്ളവര്‍ക്ക് നല്‍കുന്നവരുടെ തനിനിറമാണ് പുറത്തുവന്നത്; കേന്ദ്രത്തിനെതിരെ സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ മൗനം തുടരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

ദേശീയ സുരക്ഷയില്‍ ഇത്രയധികം വിട്ടുവീഴ്ച നടത്തിയത് അസ്വസ്ഥാജനകമാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞിട്ടും പുറത്തുവന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ നിശബ്ദ തുടരുകയാണെന്നും സോണിയ പറഞ്ഞു.

ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നവരുടെ തനിനിറം ഇപ്പോള്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടുവെന്നും അവര്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Government Silence Deafening”: Sonia Gandhi On TV Anchor’s WhatsApp Chats

We use cookies to give you the best possible experience. Learn more