| Friday, 10th June 2016, 11:31 am

കൊച്ചിയിലെ സ്വകാര്യ ആശുപത്രി നഴ്‌സ് ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; അഭ്യന്തര വകുപ്പ് ഇടപെടണം: പി ഗീത

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ അഭ്യന്തര വകുപ്പ് ഇടപെട്ട് കേസെടുക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക പി.ഗീത. സംഭവത്തില്‍ പൊലീസോ മറ്റ് ഏജന്‍സികളോ ആരെങ്കിലും സുവോ മോട്ടോ ആയി കേസെടുക്കാന്‍ സന്നദ്ധരാകേണ്ടതായിരുന്നുവെന്നും പി. ഗീത പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട നഴ്‌സ് യുവതി ആരാണെന്നോ, പേരെന്താണെന്നോ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നോ ഒന്നും എനിക്കറിയില്ല. പക്ഷെ, ഒരുകാര്യം മനസ്സിലാവുന്നുണ്ട്, ഈ ബലാത്സംഗക്കുറ്റം സമൂഹത്തില്‍ നിന്നും നിയമത്തില്‍ നിന്നും മറച്ചുപിടിക്കാന്‍ ഉന്നതരായ ആരൊക്കെയോ ശ്രമിക്കുന്നു. അതിനാലാവണം ഈ പെണ്‍കുട്ടിക്കു വേണ്ടി ഉത്തരവാദിത്തമുള്ള ബന്ധുക്കള്‍ ആരും തന്നെ പരാതിയുമായി മുന്നോട്ട് വരാത്തതെന്നും പി.ഗീത പറഞ്ഞു.

വാര്‍ത്ത വ്യാജമാണെങ്കില്‍ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേരളത്തിലെ സ്ത്രീ സമൂഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ട സ്ത്രീസുരക്ഷ ഉറപ്പു വരുത്തേണ്ടത് ഇത്തരത്തില്‍ കൂടിയാണെന്ന് പി ഗീത പറഞ്ഞു

സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ ഹോസ്പിറ്റലിന് സമീപമുള്ള വിജനമായ സ്ഥലത്ത് വെച്ച്
ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ആശുപത്രിയിലെ ജീവനക്കാരില്‍ ചിലരാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതെന്നും സംഭവം ആശുപത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

മെയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കാതിരിക്കാന്‍ പണം നല്‍കി ഒതുക്കിയെന്നും ആരോപണമുണ്ട്. ബലാത്സംഗത്തെത്തുടര്‍ന്നു ഗുരുതരമായ പരുക്കുമൂലം രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍നിന്നു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

We use cookies to give you the best possible experience. Learn more