കൊച്ചി: കൊല്ലം തെന്മലയില്‍ പരാതിക്കാരനെ പൊലീസ് മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണത്തില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി.
പരാതിക്കാരന്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തതില്‍ വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസുമായു മുന്നോട്ട് പോകുന്നുവെന്നും കോടതി ചോദിച്ചു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
എന്ത് അടിസ്ഥാനത്തിലാണ് കോടതിയില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടായാല്‍ മാത്രമേ പ്രശ്‌നക്കാരായ പൊലീസുക്കാര്‍ക്ക് നിയമവ്യവസ്ഥയില്‍ പേടിയുണ്ടാകുവെന്നും കോടതി പറഞ്ഞു.
ഉറുകുന്ന് ഇന്ദിരാ നഗറില്‍ രാജീവന്‍ നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് പരാതിയുമായി രാജീവ് തെന്‍മല സ്റ്റേഷനിലെത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിക്ക് രസീത് ചോദിച്ചതിന് സി.ഐ കവിളത്തടിക്കുകയും വിലങ്ങിടീച്ച് കൈവരിയില്‍ കെട്ടിയിടുകയും ചെയ്തുവെന്നാണ് പരാതി.
അതേസമയം, യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കുറ്റസമ്മതം നടത്തിയിരുന്നു. രാജീവിനെ മര്‍ദിച്ചത് തെറ്റായ കേസിലാണെന്നായിരുന്നു പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്.
തെറ്റായ കാര്യത്തിനാണ് മര്‍ദിച്ചതെങ്കില്‍ എന്തുകൊണ്ടാണ് മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കാത്തതെന്ന് കോടതി ചോദിച്ചിരുന്നു.
രാജീവിനെ തെന്‍മല എസ്.എച്ച്.ഒ വിശ്വംഭരന്‍ കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അടിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് അത് നീക്കം ചെയ്യാന്‍ രാജീവിനെയും കസ്റ്റഡിയിലെടുത്ത് മൊബൈല്‍ കടകള്‍ കയറിയിറങ്ങി. വീട്ടിലെത്തി ഭീഷണിപ്പെടുത്തി, ജോലിയില്ലാതാക്കി. മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസം പൂഴ്ത്തിവെക്കുകയും ചെയ്തിരുന്നു.