| Wednesday, 15th December 2021, 3:42 pm

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; നമ്പി നാരായണന് നല്‍കിയത് പോലെ പെണ്‍കുട്ടിയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി വീണ്ടും ഹൈക്കോടതി.

ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ശിക്ഷയല്ല. നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

സംഭവത്തില്‍ ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണ്. പൊലീസ് ക്ലബ്ബില്‍ ഇരുന്നല്ല കേസിനെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും കോടതി പറഞ്ഞു.

കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യുണിഫോമില്‍ എന്തും ചെയ്യാം എന്നാണോ.

കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്ത് അവകാശം?. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കോടതി ചോദിച്ചു.

ആള്‍കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കണ്ടാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകും.

എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാവാം പക്ഷെ മാപ്പ് പറയേണ്ട ബാധ്യത അവര്‍ക്കുണ്ട്. നമ്പി നാരായണന് കൊടുത്തത് പോലെ കുട്ടിക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.

പൊലീസുകാരിയുടേത് നിരുപാധിക മാപ്പപേക്ഷയല്ലേയെന്നും അംഗീകരിച്ചുകൂടേയെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ചോദിച്ചു. എന്നാല്‍ കുട്ടി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടുണ്ടെന്നും മാപ്പപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അഭിഭാഷക വ്യക്തമാക്കി.

കുട്ടിയുടെ മാനസികാവസ്ഥയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ കോടതിയില്‍ അറിയിച്ചു.

തന്റെ പെരുമാറ്റം കൊണ്ട് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു.

മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുട്ടിയുടെ കുടുംബമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനം നടത്തിയിരുന്നു.

ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.

എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: government should give compensation for child

We use cookies to give you the best possible experience. Learn more