| Friday, 3rd August 2018, 9:04 pm

പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 'പുരുഷ് ആയോഗ്' കൊണ്ടുവരണമെന്ന് ബി.ജെ.പി എം.പി: പൊട്ടിച്ചിരിച്ചുകൊണ്ട് സഭാംഗങ്ങളുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്ത് “പുരുഷ് ആയോഗ്” കൊണ്ടുവരണമെന്ന് ബി.ജെ.പി ലോക്‌സഭാംഗം. ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നിന്നുള്ള എം.പിയായ ഹരിനാരായണ്‍ രാജ്ഭറാണ് സീറോ അവര്‍ സമയത്ത് വിചിത്രമായ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഭാര്യമാര്‍ കഷ്ടപ്പെടുത്തുന്ന പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം രാജ്യത്തില്ലെന്നായിരുന്നു രാജ്ഭറിന്റെ പരാതി.

മഹിളാ ആയോഗ് അടക്കം വിവിധ കമ്മീഷനുകള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി നിലവിലുണ്ടെങ്കിലും, പുരുഷന്മാരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്ന് രാജ്ഭര്‍ പറയുന്നു. ഭാര്യമാരില്‍ നിന്നും അതിക്രമങ്ങളനുഭവിക്കേണ്ടി വരുന്ന പുരുഷന്മാര്‍ അനവധിയാണെന്നും, ഇവരുടെ പ്രശ്‌നങ്ങളില്‍ തീരുമാനമുണ്ടാക്കാനായി പുരുഷ് ആയോഗ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.


Also Read: മാധ്യമപ്രവര്‍ത്തകരുടെ രാജി: സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കിയേ അടങ്ങുവെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കെജരിവാള്‍


“സ്ത്രീകളുടെ കൈകളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന ധാരാളം പുരുഷന്മാരുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ പുരുഷ ആയോഗ് കൊണ്ടുവരിക തന്നെ ചെയ്യണം.” രാജ്ഭര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

പൊട്ടിച്ചിരിച്ചുകൊണ്ടാണ് സഭ രാജ്ഭറിന്റെ ആവശ്യത്തോടു പ്രതികരിച്ചത്. ലോക്‌സഭയിലുണ്ടായിരുന്ന സ്ത്രീ പ്രതിനിധികളടക്കമുള്ളവര്‍ ചിരിക്കുകയും പരസ്പരം കുറിപ്പുകള്‍ കൈമാറുകയും ചെയ്തുകൊണ്ടിരുന്നു.

ആസ്സാം പൗരത്വപ്പട്ടിക, ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമുകള്‍, കുമിഞ്ഞുകൂടുന്ന ബാങ്ക് ലോണുകള്‍ എന്നിവയും സീറോ അവറില്‍ ചര്‍ച്ചയായി

We use cookies to give you the best possible experience. Learn more