സര്‍ക്കാര്‍ ആശുപത്രികളില്‍ അടുത്ത സാമ്പത്തിക വര്‍ഷം ലഭ്യമാക്കേണ്ട മരുന്നുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കാന്‍സറിന് അടക്കമുള്ള മരുന്നുകളാണ് വെട്ടിക്കുറച്ചവയില്‍പ്പെടുന്നത്. 771 മരുന്നുകളുടെ പട്ടികയായിരുന്നു ആദ്യം തയ്യാറാക്കിയിരുന്നത്.
എച്ച്1 എന്‍1, എലിപ്പനി, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള മരുന്നുകള്‍, പ്രതിരോധ മരുന്നുകള്‍, വാക്‌സിനുകള്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് വെട്ടിക്കുറച്ചത്. വലിയ വിലയുള്ള മരുന്നുകളാണ് വെട്ടിക്കുറച്ചവയില്‍ ഉള്‍പ്പെടുന്നത്.
ക്യാന്‍സര്‍ രോഗത്തിന്റെ ഒരു ബോട്ടില്‍ മരുന്നിന് 16400 രൂപയാണ് വില, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം 1080 ബോട്ടിലുകളാണ് ഒരു വര്‍ഷം വേണ്ടിവരുന്നത്. ഇത്തരത്തില്‍ വിലനിലവാരമുള്ള മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് പുറത്തിറക്കിയ അവശ്യമരുന്നുകളുടെ പട്ടികയില്‍ ക്യാന്‍സറിന്റെ മരുന്നുകള്‍ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സര്‍ക്കാറിന്റെ ഈ നടപടി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും.
മഴക്കാലമാകുമ്പോള്‍ കേരളത്തില്‍ എലിപ്പനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് 268 മരുന്നുകള്‍ വെട്ടിക്കുറച്ചതോടെ സാധരണക്കാര്‍ ഇനി ഈ മരുന്നുകള്‍ വലിയ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ടിവരും.