ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പരാജയപ്പെട്ടെന്നും അദ്ദേഹം ഉടന്‍ തന്നെ രാജിവെക്കണമെന്നും എന്‍.സി.പി നേതാവ് സുപ്രിയ സുലെ. സര്‍ക്കാര്‍ സ്ത്രീകളെ അപമാനിച്ചെന്നും മണിപ്പൂര്‍ രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു സുപ്രിയ.
‘മൂന്ന് മാസത്തിനിടെ 179 ആളുകള്‍ മരിച്ചു, 60,000ത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു. 40,000 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. 3,600 വീടുകള്‍ക്ക് തീവെച്ചു, 321 ആരാനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. എങ്ങനെയാണ് ഇത്ര നിര്‍വികാരമായി ഇരിക്കാന്‍ സാധിക്കുന്നത്. ഇതാണ് ഈ സര്‍ക്കാരിന്റെ പ്രശ്‌നം,’ സുപ്രിയ സുലെ പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മൗനം കാരണമാണ് അവിശ്വാസ പ്രമേയം അവതിരിപ്പിക്കാന്‍ ഇന്ത്യ സഖ്യം നിര്‍ബന്ധിതരായതെന്ന് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പറഞ്ഞു. ഏക ഇന്ത്യയെ കുറിച്ച് സംസാരിക്കുന്ന സര്‍ക്കാര്‍ രണ്ട് മണിപ്പൂരിനെ സൃഷ്ടിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. മണിപ്പൂരിലെ നീതിക്ക് വേണ്ടിയാണ് തങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും അദ്ദേഹം പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
‘മണിപ്പൂരിന്റെ ആവശ്യം നീതിയാണ്. എവിടത്തെയും അനീതി എല്ലായിടത്തെയും നീതിക്ക് ഭീഷണിയാണെന്ന് ഒരിക്കല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞിട്ടുണ്ട്. മണിപ്പൂര്‍ കത്തുമ്പോള്‍, രാജ്യം മുഴുവന്‍ കത്തുകയാണ്. മണിപ്പൂര്‍ വിഭജിക്കപ്പെടുമ്പോള്‍ രാജ്യം മുഴുവന്‍ വിഭജിക്കപ്പെടുകയാണ്. പ്രധാനമന്ത്രി സഭയിലെത്തണമെന്നതും മണിപ്പൂര്‍ വിഷയത്തില്‍ സംസാരിക്കണമെന്നതുമാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍ അദ്ദേഹം രാജ്യ സഭയിലോ, ലോക് സഭയിലോ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവാതെ മൗനത്തിലാണ്, അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്,’ ഗൊഗോയ് പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നതെന്നും ഗൊഗോയ് ചോദിച്ചു.
‘ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ടാണ് 80 ദിവസമെടുത്തത്, സംസാരിച്ചത് 30 സെക്കന്‍ഡും. അതിന് ശേഷവും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഒന്നും ഉണ്ടായില്ല. മന്ത്രിമാര്‍ മണിപ്പൂര്‍ വിഷയത്തെ കുറിച്ച് അവര്‍ സംസാരിക്കുമെന്ന് പറയുന്നു. എന്നാല്‍ അവര്‍ സംസാരിക്കുന്നത് പ്രധാനമന്ത്രിക്ക് സമമാവില്ല. എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാത്ത്,’ ഗൊഗോയ് ചോദിച്ചു.
അതേസമയം, ഇത് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയമല്ലെന്നും പ്രതിപക്ഷത്തെ ആരെ വിശ്വസിക്കാന്‍ കഴിയുമെന്ന് അറിയാനുള്ളതാണെന്നും പ്രധാനമന്ത്രി ഇന്ന് രാവിലത്തെ പാര്‍ലമെന്ററി യോഗത്തില്‍ പറഞ്ഞതായി ബി.ജെ.പി എം.പി നിശികാന്ത് ദുബെ പറഞ്ഞു.
ജൂലൈ 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നുണ്ട്. തുടര്‍ന്നാണ് പ്രധാനമന്ത്രിയെ കൊണ്ട് സഭയില്‍ സംസാരിപ്പിക്കാനായി പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
Content Highlights: Government shamed womens; biren singh must resign; supriya