'കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നു'; സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി
national news
'കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നു'; സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 6:22 pm

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് .

‘കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയിലെ ശിശുക്കളുടെ മരണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നു. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. കോട്ടയിലെ ഈ ആശുപത്രിയിലെ ശിശുമരണനിരക്ക് ക്രമാതീതമായി കുറയുന്നുണ്ട്. ഞങ്ങള്‍ ഇത് കുറയ്ക്കാന്‍ ശ്രമിക്കും. അമ്മമാരെയും കുട്ടികളെയും ആരോഗ്യത്തോടെ നിലനിര്‍ത്തുക ഞങ്ങളുടെ മുന്‍ഗണനയാണ് ”, അദ്ദേഹം ട്വീറ്റ് ചെയ്തു.

ആശുപത്രി സന്ദര്‍ശിക്കാനും സംസ്ഥാനത്തെ മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കേന്ദ്രത്തില്‍ നിന്നുള്ള സംഘത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

” ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രത്തിലെ വിദഗ്ധ സംഘത്തെ സ്വാഗതം ചെയ്യുന്നു. അവരുമായി കൂടിയാലോചന നടത്തിയും സഹകരണത്തോടും കൂടി സംസ്ഥാനത്തെ മെഡിക്കല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ തയ്യാറാണ്. രോഗവിമുക്തമായ രാജസ്ഥാനാണ് ഞങ്ങളുടെ മുന്‍ഗണന ”, ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ കോട്ടയില്‍ 100 ശിശുക്കള്‍ മരണപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. ഡിസംബര്‍ 23, 24 തിയതികളിലായി പത്ത് കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് സര്‍ക്കാര്‍ സംഭവം അന്വേഷിക്കുന്നതിന് വേണ്ടി കമ്മിറ്റി രൂപീകരിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചകളും സംഭവിച്ചിട്ടെല്ലെന്നുള്ള റിപ്പോര്‍ട്ട് വന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒന്‍പത് കുഞ്ഞുങ്ങള്‍ കൂടി മരണപ്പെട്ട വാര്‍ത്ത പുറത്തു വന്നത്.

ജനനസമയത്തെ ഭാരക്കുറവാണ് കുഞ്ഞുങ്ങളുടെ മരണത്തിനുള്ള പ്രധാന കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ അശോക് ഗെലോട്ടിന് കത്തയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ