| Monday, 25th June 2018, 10:18 am

മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സാക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ തേടുന്നു. കേന്ദ്ര നിയമ മന്ത്രിയായ രവി ശങ്കര്‍ പ്രസാദാണ് ബില്ല് പാസാക്കാന്‍ ഈ വനിതാ നേതാക്കളുടെ പിന്തുണയും സഹകരണവും ആവശ്യപ്പെട്ടത്.



മുത്തലാഖ് ബില്ല് ലിംഗനീതി ഉറപ്പാക്കുന്നതിനും ലിംഗസമത്വം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 22 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്, ഒരു മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിലെ പ്രമുഖ നേതാക്കളായ സോണിയാ ഗാന്ധി, മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ എന്താണ് ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് എന്നും മന്ത്രി ചോദിക്കുന്നുണ്ട്.


ALSO READ: തുര്‍ക്കി തെരഞ്ഞെടുപ്പ്; എര്‍ദോഗാന്‍ മുന്നില്‍


ബില്ലിലെ വ്യവസ്ഥകളെ സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും, ബില്ലിലുള്ള ജാമ്യമില്ല എന്ന വ്യവസ്ഥ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് സ്വീകാര്യമാവാത്തത് എന്നറിയില്ലെന്നും പറഞ്ഞു.


ALSO READ: വിവാദ ചിത്രം: ലോകകപ്പിന് പിന്നാലെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലാ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്


സുപ്രീം കോടതി വിധി വന്നിട്ടും, ലോക്‌സഭ മുത്തലാഖ് ബില്ല് പാസാക്കിയിട്ടും ഇപ്പോഴും തെലങ്കാന, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മുത്തലാഖ് തുടര്‍ന്ന് വരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മുത്തലാക്കിനെ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാക്കി ലോക്‌സഭ ബില്ല് പാസാക്കിയിരുന്നു.

ലോക്‌സഭ ശുപാര്‍ശ ചെയ്ത ബില്ല് പ്രകാരം വാക്കാലോ, എഴുത്താലോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള മുത്തലാഖ് കുറ്റകരവും അസാധുവുമാണ്. ഇതില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള മുത്തലാഖും ഉള്‍പ്പെടും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ല് പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more