മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള മലപ്പുറം ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് നേവിയുടെ സഹായം തേടി പൊലീസ്. കാലാവസ്ഥാ വെല്ലുവിളിയായി തുടരുമ്പോഴും പ്രദേശത്ത് ഡ്രോണ്‍ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ചാലിയാര്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. കാലാവസ്ഥ അനുകൂലമായാല്‍ ചാലിയാറിലെ തിരച്ചിലിനായി നേവിയുടെ ഹെലികോപ്റ്റര്‍ എത്തുമെന്നാണ് അറിയിച്ചത്. 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്വേഷണമാണ് ചാലിയാര്‍ കേന്ദ്രീകരിച്ച് ഇന്ന് നടക്കുക.
നിലവില്‍ ചാലിയാറില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന പൊലീസ് ആരംഭിച്ചിട്ടുണ്ട്. നാല് ഡ്രോണ്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള പരിശോധന തുടരുന്നത്. സ്ഥലത്ത് പൊലീസ് നായകളും ഉടന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ചാലിയാറിൽ ഇന്ന് നടത്തിയ പരിശോധനയിൽ ഒരു മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. 173 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെത്തിയത്. ഇവയിൽ മൂന്നെണ്ണം മാത്രമാണ് ബന്ധുക്കൾക്ക് ഇതുവരെ തിരിച്ചറിയാൻ സാധിച്ചത്.
അതിനിടെ, ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തകർന്ന രണ്ട് സ്കൂളുകൾ പുനർനിർമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 316 ആയി ഉയര്‍ന്നു. 206 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതില്‍ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവിലെ കണക്കുകള്‍ പ്രകാരം 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
വയനാട്ടിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,238 ആളുകളാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രമായി ഒമ്പത് ക്യാമ്പുകളാണ് ഉള്ളത്. ഈ ക്യാമ്പുകളില്‍ 2,328 പേരാണ് കഴിയുന്നത്.
Content Highlight: Government seeks Navy’s help in search in Chaliyar