കെവിന്‍ വധം: പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Kevin Murder
കെവിന്‍ വധം: പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 9:57 am

കൊച്ചി: കെവിന്‍ വധത്തില്‍ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയായ നീനുവിന്റെ ബന്ധുക്കള്‍ മാന്നാനം സ്വദേശിയായ കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസുകാര്‍ സഹായം ചെയ്‌തെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിപ്പട്ടികയിലുള്‍പ്പെട്ടിരുന്ന പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ആരോപണവിധേയരായ പൊലീസുകാര്‍ക്ക് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പൊലീസുകാര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന്‌ ഉമ്മന്‍ ചാണ്ടിയുമായി ബന്ധം; ആരോപണവുമായി കോടിയേരി


കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.

കേസിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സാനുവിനെയും സുഹൃത്ത് ഇഷാനെയും പിടികൂടിയ ശേഷം പണം വാങ്ങി വിട്ടയച്ചത് എ.എസ്.ഐ ബിജുവാണ്.