| Monday, 22nd May 2023, 8:12 pm

സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കര്‍ണാടകയില്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. പുതിയ സര്‍ക്കാരിന്റെ സൗജന്യ വാഗ്ദാനങ്ങളെ വിമര്‍ശിച്ചാണ് ചിത്രദുര്‍ഗ ജില്ലയില്‍ ഹോസ്ദുര്‍ഗ താലൂക്കില്‍പ്പെടുന്ന കാനുബെനഹള്ളി ലോവര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ എം.ജി. ശാന്തമൂര്‍ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കര്‍ണാടക സിവില്‍ സര്‍വീസസ്(പെരുമാറ്റ) ചട്ടം 1966 ലംഘിച്ചതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വകുപ്പ് തല അന്വേഷണങ്ങള്‍ക്ക് ശേഷം അധ്യപകനെതിരെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാര്‍ വരുത്തിവച്ചിട്ടുള്ള കടങ്ങളുടെ കണക്കുകള്‍ പ്രതിപാദിക്കുന്നതോടൊപ്പം സിദ്ധരാമയ്യയുടെ സൗജന്യത്തെ അധ്യാപകന്‍ വിമര്‍ശിക്കുന്നുണ്ട്.

‘എസ്.എം. കൃഷ്ണ 3,590 കോടി, ധരം സിങ് 15,635 കോടി, എച്ച്.ഡി. കുമാരസ്വാമി 3,545 കോടി, ബി.എസ്. യെദ്യൂരപ്പ 25,653 കോടി, ഡി.വി. സദാനന്ദ ഗൗഡ 9,464 കോടി, ജഗദീഷ് ഷെട്ടാര്‍ 13,464 കോടി, സിദ്ധരാമയ്യ 2,42,000 കോടി.

എസ്.എം. കൃഷ്ണ മുതല്‍ ജഗദീഷ് ഷെട്ടാര്‍ വരെയുള്ളവര്‍ വരുത്തിവച്ചിട്ടുള്ള കടങ്ങള്‍ 71,331 കോടി രൂപയാണെങ്കില്‍, സിദ്ധരാമയ്യയുടെ കാലത്ത് കടം 2,42,000 കോടിയായി വര്‍ധിച്ചു. അതുകൊണ്ടു ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി പ്രീണിപ്പിക്കാന്‍ അദ്ദേഹത്തിന് എളുപ്പമായിരിക്കും,’ എന്നാണ് അധ്യാപകന്‍ പോസ്റ്റില്‍ പറയുന്നത്.

Content Highlight: Government school teacher suspended for posting on Facebook criticizing Karnataka Chief Minister Siddaramaiah

We use cookies to give you the best possible experience. Learn more