വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി
Kerala News
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 2:05 pm

മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി. മലപ്പുറം കോട്ടക്കലിലെ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

പ്രസവാവധിയ്ക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതരും പി.ടി.എയും അനുവദിക്കുന്നില്ലെന്ന് അധ്യാപിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പി.ടി.എ മീറ്റിങ്ങില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 33 കാരിയായ യുവതിയുടെ മൊഴി കോട്ടക്കല്‍ പൊലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതി സ്‌കൂളില്‍ ജോലിചെയ്യുന്നുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയിരുന്ന ഇവര്‍ രണ്ടാം വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ വിവാഹ മോചന നടപടികള്‍ വൈകിയതോടെ അധ്യാപിക പങ്കാളിയുടെ കൂടെ താമസിക്കുകയും 2018 ജൂണില്‍ വിവാഹിതരാവുകയും ചെയ്തു.

തുടര്‍ന്ന് വിവാഹത്തിന് നാല് മാസത്തിന് ശേഷം പ്രസവാവധിയ്ക്കായി അപേക്ഷിച്ചു. അവധിയ്ക്ക് അപേക്ഷിച്ച് രണ്ടാം ദിവസമായിരുന്നു പ്രസവം. 2019 ജനുവരിയില്‍ അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് യുവതിയെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധ്യാപിക ബാലാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ ഡി.ഡി.ഇയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണം നടത്തി ഡി.ഡി.ഇ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് പ്രകാരം അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഡി.ഡി.ഇ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഡി.ഡി.ഇയുടെ നിര്‍ദേശം ഹെഡ്മാസ്റ്ററും പി.ടി.എയും നടപ്പാക്കിയില്ലെന്ന് യുവതി പറയുന്നു.