പെരുമ്പാവൂര്‍: വൃത്തിയില്ലെന്നാരോപിച്ച് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ദളിതായ പാചകത്തൊഴിലാളി സ്ത്രീയെ പിരിച്ചുവിട്ടു. പെരുമ്പാവൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 29 വര്‍ഷമായി പാചകത്തൊഴിലെടുക്കുന്ന മണി ഗോപാലകൃഷ്ണനെയാണ് വൃത്തിയില്ലെന്ന് കാരണം പറഞ്ഞ് പിരിച്ചുവിട്ടത്.
പി.ടി.എ കമ്മിറ്റിയും ഹെഡ്മിസ്ട്രസും ചേര്‍ന്നാണ് ഇത്തരം നടപടി സ്വീകരിച്ചെന്ന് ആരോപിച്ച് വിധവയായ മണി ഗോപാലകൃഷ്ണന്‍ വിദ്യാലയത്തിന്റെ മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.
കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വീട്ടമ്മയുടെ സമരം.
പെരുമ്പാവൂര്‍ നഗരസഭയുടെ കീഴിലുള്ള വിദ്യാലയത്തിലെ പുതിയ പി.ടി.എയും പുതിയ പ്രധാന അധ്യാപികയും ചേര്‍ന്ന് മണിക്ക് വൃത്തിയില്ലെന്ന് ആരോപിച്ചു എ.ഇ.ഒ ക്കും നഗരസഭയ്ക്കും പരാതികള്‍ നല്‍കിയിരുന്നു.
എന്നാല്‍ എ.ഇ.ഒയുടെ പരിശോധനയില്‍ പരാതി കള്ളമെന്ന് തെളിഞ്ഞിട്ടും തന്നെ പിരിച്ചു വിടുകയായിരുന്നുവെന്നാണ് മണി ഗോപാലകൃഷ്ണണന്‍ പറയുന്നത്.
ഇവരെ പിരിച്ചുവിട്ട് പി.ടി.എ.അംഗത്തിന്റെ ഇഷ്ടക്കാരെ ഈ തസ്തികയില്‍ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ടെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.