| Sunday, 14th November 2021, 11:04 am

ക്രിപ്റ്റോ കറന്‍സി ഇടുപാടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം; മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനിയന്ത്രിതമായ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി.

അമിതവാഗ്ദാനങ്ങള്‍ നല്‍കിയും സുതാര്യമല്ലാത്തതുമായ ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ക്ക് അവസാനമുണ്ടാക്കണം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ ശക്തമായ അഭിപ്രായമുയര്‍ന്നു.

ആര്‍.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തരമന്ത്രലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ക്രിപ്റ്റോ കറന്‍സിയും അനുബന്ധ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മോദിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയില്‍ ക്രിപ്റ്റോ കറന്‍സിക്ക് മേല്‍ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പുരോഗമനപരമാണെന്നാണ് യോഗം വിലയിരുത്തിയത്. രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറം വ്യാപിക്കുന്ന ഒരു പ്രശ്നമായതിനാല്‍ വിദഗ്ദരും മറ്റ് ഓഹരി ഉടമകളുമായും സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തും. അതിനായി അഗോള പങ്കാളിത്തവും കൂട്ടായി രൂപീകരിച്ച തന്ത്രങ്ങളും വേണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ക്രിപ്റ്റോ കറന്‍സിക്കെതിരെ ആര്‍.ബി.ഐയും രംഗത്ത് വന്നു. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപകരുടെ എണ്ണത്തിലും അവര്‍ അവകാശപ്പെടുന്ന വിപണി മൂല്യത്തിലും ആര്‍.ബി.ഐ സംശയം രേഖപ്പെടുത്തി. ഒരു കേന്ദീകൃതബാങ്കിന്റേയും നിയന്ത്രണത്തിലല്ലാത്ത ക്രിപ്റ്റോ കറന്‍സി ഏത് സാമ്പത്തിക വ്യവസ്ഥക്കായാലും ഭീഷണിയാണെന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞത്.

ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ക്രിപ്റ്റോ കറന്‍സി അംഗീകരിച്ചവരില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ലയുടെ സ്ഥാപകനുമായ എലോണ്‍ മസ്‌കും ഉണ്ട്. ആഗോള ക്രിപ്റ്റോ വിപണിയുടെ മൂല്യം ഇതിനോടകം തന്നെ 3 ട്രില്യണ്‍ ഡോളറിലാണ് എത്തി നില്‍ക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Government says will be ‘progressive and forward-looking’ in its approach to cryptocurrencies

Latest Stories

We use cookies to give you the best possible experience. Learn more