| Saturday, 1st June 2024, 9:55 pm

തെളിവുകൾ നൽകുന്നതിന് പകരം ദേശ സുരക്ഷക്ക് ഭീഷണിയെന്ന് പറയുന്നു, യു.എ.പി.എ കേസുകളിൽ സർക്കാരിനെന്നും ഒറ്റ വാദമെന്ന് ജമ്മു കശ്മീർ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: യു.എപി.എ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ജാമ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ എപ്പോഴും കോപ്പിപേസ്റ്റ്’ വാദങ്ങളാണ് നിരത്തുന്നതെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. മിക്ക കേസുകളിലും പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ മതിയായ തെളിവുകള്‍ പോലും നല്‍കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, മുഹമ്മദ് യൂസഫ് വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിരീക്ഷണം.

യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിച്ചെന്നും യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും കാട്ടി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഖുര്‍ഷിദ് അഹമ്മദ് ലോണിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന. ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനന്തനാഗ് പൊലീസ് സ്‌റ്റേഷന്‍ മുഖേനയുള്ള കേന്ദ്രഭരണ പ്രദേശത്തെ സര്‍ക്കാരാണ് കേസിലെ പ്രതിഭാഗം.

2013 ഏപ്രിലില്‍ ആണ് ഖുര്‍ഷിദ് അഹമ്മദ് ആദ്യമായി അറസ്റ്റിലായത്. അദ്ദേഹത്തെ പിന്നീട് 2013 ഒക്ടോബറില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022 ഒക്ടോബറില്‍ ഇയാള്‍ വീണ്ടും അറസ്റ്റിലായി.

ആഭ്യന്തര സുരക്ഷ എന്ന വാക്ക് സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ആ വാക്ക് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കെതിരെ സ്ഥിരമായി ഉപോയഗിക്കുന്നുണ്ടെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

തീവ്രവാദ വിരുദ്ധ കേസുകളില്‍ സര്‍ക്കാര്‍ പലപ്പോഴും ആശ്രയിക്കുന്നത് ദേശീയ സുരക്ഷ, റാഡിക്കല്‍ ഇസ്‌ലാമിസം, പാക്കിസ്ഥാനോടുള്ള വിധേയത്വം, റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് തുടങ്ങിയ വാദങ്ങളാണെന്ന് ജസ്റ്റിസ് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതിന് പകരം സ്ഥിരമായി ഇത്തരം വാദങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മെയ് 19നാണ് കേസില്‍ ഖുര്‍ഷിദ് അഹമ്മദിന് ജാമ്യം നല്‍കിയത്.

Content Highlight: Government relying on ‘copy-paste’ arguments to oppose bail in UAPA cases: Jammu and Kashmir HC

We use cookies to give you the best possible experience. Learn more