| Saturday, 16th July 2016, 11:53 am

ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് ഭൂമാഫിയയെ സഹായിക്കാന്‍ ; സര്‍ക്കാറിനെതിരെ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുശീല ആര്‍. ഭട്ട്. തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കു വഴങ്ങാതിരുന്നതിനാല്‍ സ്ഥാനത്തുനിന്നു മാറ്റാന്‍ നേരത്തെയും ശ്രമം നടന്നിരുന്നെന്ന് അവര്‍ പറഞ്ഞു.

തന്നെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് ഭൂമാഫിയയെ സഹായിക്കാനാണോയെന്ന് സംശയമുണ്ട്.  അഞ്ചു ലക്ഷം ഏക്കര്‍ വനഭൂമിയാണ് കുത്തകകള്‍ കൈയേറിയിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനു താന്‍ വഴങ്ങിയിരുന്നില്ല. അന്നു മുതല്‍ തന്നെ മാറ്റാന്‍ ചിലര്‍ ശ്രമം തുടങ്ങിയിരുന്നെന്നും സുശീല ആര്‍. ഭട്ട് പറഞ്ഞു.

കരുണ എസ്റ്റേറ്റ്‌കേസില്‍ വനം സെക്രട്ടറി തനിക്ക് വേണ്ട പിനന്തുണ നല്‍കിയില്ല. നികുതി ഈടാക്കുന്നതില്‍ വനം സെക്രട്ടറിയുടെ ശുപാര്‍ശ താന്‍ തള്ളിയിരുന്നു. ഇതിന് പ്രതികാരമായി തന്റെ സ്റ്റാഫിന്റെ ശമ്പളം തടഞ്ഞുവെക്കുകയും ചെയ്തിരുന്നെന്നും സുശീല ഭട്ട് പറയുന്നു.

വനം, റവന്യൂ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സുശീല ആര്‍. ഭട്ട്.

നിര്‍ണായക ഘട്ടത്തില്‍ തന്നെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റുന്നത് കേസുകളെ ബാധിക്കുമെന്ന് സുശീല ആര്‍. ഭട്ട് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഏറ്റെടുത്ത പല കേസുകളിലും സുശീല ആര്‍ ഭട്ടിന്റെ ഇടപെടല്‍ വളരെ ശ്രദ്ധേയമായിരുന്നു. ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികളുമായുള്ള കേസുകള്‍ പലതും സുശീല ഭട്ടിന് നല്‍കിയിരുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്. ആ പ്രത്യേക ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഹാരിസണ്‍ എസ്റ്റേറ്റ് കേസ് നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ എത്തിനില്‍ക്കെയാണ് ഈ സ്ഥാനമാറ്റം.

ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഗോയങ്കെയ്ക്ക് ഹാരിസണ്‍സ് മലയാളം കമ്പനിയിലുള്ള ഭൂമിയുടെ അവകാശവും അഡ്വ. സുശീലാ ഭട്ട് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

ഹാരിസണിന്റെ 30000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കാരണമായത് സുശീല ഭട്ട് ആയിരുന്നു. കെ സുധാകരന്‍ വനമന്ത്രി ആയിരിക്കെയാണ് സുശീല ഭട്ട് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സ്ഥാനത്തേക്ക് എത്തുന്നത്.  വനം വകുപ്പിന്റെ കേസുകള്‍ വാദിക്കാന്‍ തുടങ്ങിയതോടെയാണ് സുശീല ഭട്ട് ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയത്.

We use cookies to give you the best possible experience. Learn more