തിരുവനന്തപുരം: പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന് തുല്യമാക്കി നിയമം കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായുള്ള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കും. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി പരിഗണിക്കുന്നതാണ് നിയമം.
കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായാല്‍ സ്വത്ത് കണ്ടുകെട്ടലോ നശീകരണത്തിനായുള്ള ശിക്ഷയോ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണം സര്‍ക്കാര്‍ ഇറക്കുന്നത്.
ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിലെടുക്കും. സ്വാകാര്യവ്യക്തികളുടെ വീട്, ഓഫീസുകള്‍, വാഹനങ്ങള്‍, പാര്‍ട്ടി ഓഫീസ്, കച്ചവട സ്ഥാപനം, സ്വകാര്യ ഫാക്ടറികള്‍, സ്‌കൂളുകള്‍ എന്നിവ നിയമത്തിലൂടെ സംരക്ഷിക്കും.
കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഇത്തരമൊരു നിയമനിര്‍മാണ് നടത്താന്‍ 2018 ഒക്‌ടോബര്‍ 1ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.