ന്യൂദല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. വിമര്‍ശനാത്മകമായ വാര്‍ത്തകളും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളും നല്‍കുന്ന ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യങ്ങളെ നിരീക്ഷിക്കാനായി സര്‍ക്കാര്‍ പ്രത്യേക സൈബര്‍ സെല്ലിന് രൂപം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ വാര്‍ത്തയുടേയും രീതിയും സ്വഭാവും സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കും. സര്‍ക്കാരിനെതിരായ വാര്‍ത്ത വരുന്ന ഓരോ സന്ദര്‍ഭത്തിലും അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ രൂപപ്പെടുത്താനും പ്രത്യേക സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വാര്‍ത്തയുടെ രീതിയ്ക്ക് അനുസൃതമായി അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള അതാത് പ്രസ് റിലീസുകളോ പ്രസ് കോണ്‍ഫറന്‍സുകളോ നടത്താനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
എതാണ്ട് ഒരു മാസത്തിനുള്ളില്‍ തന്നെ ഇത്തരമൊരു സംവിധാനത്തിലേക്ക് സര്‍ക്കാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ മീഡിയ അനലറ്റിക്കല്‍ സെന്ററിനെയാണ് പ്രത്യേക സെല്ല് രൂപീകരിക്കാനായി നിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സുരക്ഷാരംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും നിരീക്ഷണത്തിലായിരിക്കും. വെബ്‌സൈറ്റുകളിലും ബ്ലോഗുകളിലും ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലും സോഷ്യല്‍മീഡിയകളിലും വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൃത്യമായ നിരീക്ഷണത്തിന് തന്നെ വിധേയമാക്കും.
നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അരവിന്ദ് ഗുപ്ത ഇത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയരക്ടര്‍ ജനറല്‍ ഫ്രാന്‍ക് നൊറോക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നാലംഗം സമിതിയെ ഇതിനായി നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു സംവിധാനത്തിന് വലിയ സാധ്യതില്ലെന്നാണ് നാഷണല്‍ മീഡിയ സെന്ററില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്.
Read more
സര്‍ക്കാര്‍ വിരുദ്ധ മാധ്യമവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരായി നിരന്തരം വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
Interesting News
ദല്‍ഹിയിലെ ഇന്ത്രപ്രസ്ഥ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ പൊന്നുരംഗം കുമാരഗുരു എന്നയാളാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനായി ട്രാഫിക്കിങ് സോഫറ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ തടയാനായി മറ്റ് രാജ്യങ്ങള്‍ കൈക്കൊള്ളുന്ന നടപടികള്‍ പകര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.