ന്യൂദല്‍ഹി: ആദ്യ മോദിസര്‍ക്കാരിലെ മന്ത്രിയെ വരെ വീഴ്ത്തിയ മീ ടൂ മുന്നേറ്റത്തിനെതിരായ നീക്കവുമായി രണ്ടാം മോദി സര്‍ക്കാര്‍. തൊഴിലിടത്തിലെ ലൈംഗിക ചൂഷണങ്ങള്‍ പരിശോധിക്കാന്‍ ഒമ്പതുമാസം മുന്‍പ് കേന്ദ്രം രൂപീകരിച്ച മന്ത്രിതല സമിതി പിരിച്ചുവിട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഭാഗമായി വരുന്ന നടപടിക്രമമാണ് ഇതെന്നാണ് കേന്ദ്രവിശദീകരണം.
ഓണ്‍ലൈന്‍ മാധ്യമമായ ‘ദ ക്വിന്റ്’ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായാണ് ഈ വെളിപ്പെടുത്തല്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലായിരുന്നു സമിതി രൂപീകരിച്ചത്. മീ ടൂ ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും വിഷയത്തില്‍ സര്‍ക്കാരിനു ശുപാര്‍ശകള്‍ നല്‍കാന്‍ അവ കാലതാമസമില്ലാതെ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായിരുന്നു സമിതി. ആറുമാസം മുന്‍പ് സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു.
മീ ടൂ സംബന്ധിച്ച് കൃത്യമായ നിയമമുണ്ടാക്കാന്‍ കൂടി അന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും സമിതി പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയോടെ അതും അവസാനിച്ചിരിക്കുകയാണ്.
അന്നത്തെ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, മേനകാ ഗാന്ധി എന്നിവരടങ്ങിയ സമിതിയുടെ തലവന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു.
സമിതിയെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ആ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണമെന്നും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
എത്രതവണ സമിതിയംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി, എന്നൊക്കെയാണ്, യോഗങ്ങളുടെ മിനിറ്റ്‌സിന്റെ പകര്‍പ്പ്, സമിതി നല്‍കിയ ശുപാര്‍ശകള്‍ തുടങ്ങിയ ചോദ്യങ്ങളാണ് ക്വിന്റ് ചോദിച്ചത്. വിവരാവകാശ നിയമം 8 (i) വകുപ്പിന്റെ കീഴിലാണ് ഈ ചോദ്യങ്ങള്‍ വരുന്നതെന്ന് കേന്ദ്രം പറഞ്ഞു.
കേന്ദ്ര നടപടിക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തക ഋതുപര്‍ണ ചാറ്റര്‍ജിയുടെ പ്രതികരണം. പ്രതിപക്ഷം അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദരാണെന്നും അവര്‍ ആരോപിച്ചു.