Kerala News
ഫയല്‍ നീങ്ങും ഇനി അഞ്ച് മിനിട്ടില്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി 'ഇ-ഫയല്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 02, 03:34 am
Monday, 2nd January 2023, 9:04 am

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാതൃകയില്‍ ഈ മാസത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഫയല്‍ നീക്കം പൂര്‍ണമായും ഇ-ഓഫീസ് വഴിയാക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ ഫയല്‍ നീക്കം മുഴുവനായി ഈ മാസത്തോടെ ഇ-ഓഫീസിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കടലാസ് ഫയലുകളുണ്ടാവില്ല.

ഒരു ഫയല്‍ നീക്കത്തിന് ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങള്‍ ഇല്ലാത്ത ഫയല്‍നീക്കം അഞ്ച് മിനിട്ടില്‍ സാധ്യമാവും.

ഓഫീസുകള്‍ തമ്മിലുള്ള കത്തിടപാടുകള്‍, ഉത്തരവുകള്‍, സര്‍ക്കുലര്‍, രശീത്, ഫയല്‍ തുടങ്ങിയവയൊക്കെ ഇ-ഓഫീസിലൂടെ അയക്കാനാകും.

സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം നേരത്തേതന്നെ ഓണ്‍ലൈനാക്കിയിരുന്നു. ഫയല്‍ നീക്കം സുഗമമാക്കാനും ഫയല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണം കുറയ്ക്കാനുമായി 2022 നവംബര്‍ 26നാണ് കേരള സെക്രട്ടേറിയറ്റ് മാനുവലില്‍ ഭേദഗതി വരുത്തിയത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര്‍ മൂന്നിനും ഭേദഗതി ചെയ്തു.

ഇതിനുപുറമേ, കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്‌വെയര്‍ എല്ലാ ഓഫീസുകള്‍ക്കും ലഭ്യമാക്കി.

ഇതോടെ, ഫയല്‍ നീക്കമറിയാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങുകയും പൊതുജന പ്രശ്നപരിഹാരവും പൂര്‍ണമായി ഓണ്‍ലൈനാവുകയും ചെയ്യും.

Content Highlight: Government Offices to switch E-Office format