തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കുന്ന അവധി ജൂലൈ 21ന് നല്‍കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍. ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നാളെയായിരുന്നു നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്.
അതേസമയം ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഐ.എം.എ. അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്.
ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് ആരോപിച്ച് പി.കെ.ഡി. നമ്പ്യാര്‍ എന്നയാളാണ് ഹരജി നല്‍കിയത്.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ നല്‍കിയത്. 18,19,20 ദിവസങ്ങളിലാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഇളവ് നല്‍കിയതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസ്. ആള്‍ത്തിരക്ക് കൂടിയിരിക്കെയാണ് നടപടി.
കൊവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി. അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ട്.
അതേസമയം ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി പ്രദേശങ്ങളിലെ കടകള്‍ നാളെ തുറക്കാം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച ഉണ്ടാവില്ലെന്നുമാണ് പൊലീസ് ആവര്‍ത്തിക്കുന്നത്.
എന്നാല്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതില്‍ പൊലീസും വ്യാപാരികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അപ്രായോഗിക നിര്‍ദേശങ്ങള്‍ അംഗീകരിക്കാനിവില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നയം.
ടി.പി.ആര്‍. 15 താഴെയുള്ള പ്രദേശങ്ങളിലെ കടകളാണ് ഇപ്പോള്‍ തുറന്നത്. അവശ്യ സാധനങ്ങളുടെ കടകള്‍ക്കു പുറമെ ഫാന്‍സി, സ്വര്‍ണക്കട, ഇലക്ട്രോണിക്‌സ്, തുണിക്കട, ചെരുപ്പുകട എന്നിവ തുറക്കാനും അനുമതിയുണ്ട്.
എന്നാല്‍ മിഠായിത്തെരുവിലെ വഴിയോര കച്ചടവക്കാര്‍ക്ക് ഇന്ന് കടകള്‍ തുറക്കാന്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. തുറന്നാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ. വി. ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.