ന്യൂദല്‍ഹി: ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി കുറഞ്ഞത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാതിരുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ നടത്തിയ സര്‍വേ പ്രകാരം 2017-2018 കാലയളവില്‍ രാജ്യത്ത് ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ജനങ്ങളുടെ ചെലവഴിക്കാനുള്ള ശേഷി കുറയുന്നത് കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സൂചനയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വിലക്കയറ്റത്തിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെലവഴിക്കല്‍ ശേഷി കുറഞ്ഞത് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരിക്കാന്‍ കമ്മീഷനു മേല്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും പക്ഷെ അതിന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും കമ്മീഷന്‍ ചെയര്‍മാനായ ബിമല്‍ കുമാര്‍ റോയ് പറഞ്ഞു. ‘റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം ജനുവരി 15ന് നടന്ന കമ്മീഷന്റെ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ ആവശ്യമായ പിന്തുണ ലഭിച്ചില്ല. ഇതില്‍ കൂടുതല്‍ എനിക്കൊന്നും പറയാനാകില്ല.’ ബിമല്‍ കുമാര്‍ റോയ് പറഞ്ഞു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ചെയര്‍മാന്റെ നിര്‍ദേശത്തെ ആരൊക്കെയാണ് എതിര്‍ത്തതെന്ന് യോഗത്തിന്റെ മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനായ പ്രവീണ്‍ ശ്രീവാസ്തവയാണ് സര്‍വേയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനെ ശക്തമായി എതിര്‍ത്തതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2011-2012ല്‍ ചെലവഴിക്കല്‍ ശേഷിയില്‍ 3.7 ശതമാനത്തിന്റെ കുറവുണ്ടായെന്നും 2017-2018ല്‍ ഇത് നാല്‍പത് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയെന്നും കാണിക്കുന്ന റിപ്പോര്‍ട്ട് നവംബറില്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍വേ ഫലം പുറത്തുവിടാതിരുന്നതാണെന്നാണ് സൂചനകള്‍.
അംഗങ്ങളുടെ അനുമാനങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമ്പോള്‍ ചിലവഴിക്കല്‍ സംബന്ധിച്ച് നടത്തിയ സര്‍വേ ഉപഭോക്താക്കളുടെ രീതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളും സാമൂഹ്യക്ഷേമ പദ്ധതികള്‍ വഴി ന്ല്‍കുന്ന സേവനങ്ങളും കണക്കിലെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നാണ് യോഗത്തിന്റെ മിനുറ്റ്‌സില്‍ പറയുന്നത്. അതിനാല്‍ 2020 -2021ലും 2021-2022ലും പുതിയ സര്‍വേ നടത്തണമെന്നുമാണ് യോഗം നിര്‍ദേശിച്ചത്.
കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് ബാധിക്കുമെന്ന് കണക്കുകൂട്ടലിലായിരുന്നു ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരിക്കാതിരുന്നത്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കായിരുന്നു 207-2018ലേതെന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഈ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.