തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 400 പുതിയ തസ്തികകളാണ് സൃഷ്ടിക്കാന്‍ തീരുമാനമായത്.
400 തസ്തികകളില്‍ 113 എണ്ണം പൊലീസ് സര്‍വീസിലാണ് നല്‍കുന്നത്. കെ.എ.പി 6 എന്ന പേരില്‍ പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനമായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.എ.പി 6 എന്ന ബറ്റാലിയന്‍ രൂപീകരിക്കുന്നത്
84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. പ്രതിഷേധിച്ച ദേശീയ ഗെയിംസ് ജേതാക്കള്‍ അടക്കമുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നത്.
2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയവര്‍ക്കാണ് ജോലി ലഭിക്കുന്നത്.
മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം ഇന്നലെ അവസാനിപ്പിച്ചിരുന്നു.
ശബരിമല പൗരത്വ പ്രക്ഷോഭങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കേരളത്തില്‍ വിവിധയിടങ്ങളിലായി നാമജപ ഘോഷയാത്രയിലടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിലപാടെടുത്ത കേരളത്തിലാണ് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം ശബരിമല പ്രവേശന വിധിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസും ശബരിമല സമരസമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക