| Wednesday, 26th August 2020, 1:34 pm

മാസങ്ങളായി താന്‍ നല്‍കിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്; ആര്‍.ബി.ഐയുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി കനത്ത സാമ്പത്തിക പ്രത്യാഘാതമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന ആര്‍.ബി.ഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മാസങ്ങളായി താന്‍ നല്‍കിക്കൊണ്ടിരുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നത്.

കടം കൊടുക്കുകയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെലവഴിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും വ്യവസായികള്‍ക്ക് നികുതി വെട്ടിക്കുറച്ച് കൊടുക്കയല്ല പാവങ്ങള്‍ക്ക് പണം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലൂടെ ശ്രദ്ധതിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി ഒരിക്കലും ദരിദ്രരെ സഹായിക്കുകയോ സാമ്പത്തിക ദുരന്തം ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വന്‍ ഇടിവ് സംഭവിച്ചെന്ന് റിസര്‍ ബാങ്ക് വെളിപ്പെടുത്തിയിരുന്നു. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലേക്ക് എത്തി.

2018-19ല്‍ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ടി വന്നതോടെ ആര്‍.ബി.ഐ.യില്‍നിന്ന് ലാഭവീതമായി കേന്ദ്രസര്‍ക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019-20 വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും.

റിവേഴ്സ് റിപ്പോ ഇനത്തില്‍ പലിശച്ചെലവ് ഉയര്‍ന്നതാണ് റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയാന്‍ പ്രധാന കാരണം. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവര്‍ധന രണ്ടു ശതമാനമായി.

സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019-20 വര്‍ഷം റിവേഴ്സ് റിപ്പോ ഓപ്പറേഷന്‍സ് നടത്തിയത് പലിശയിനത്തില്‍ ആര്‍.ബി. ഐ.ക്ക് അധികച്ചെലവ് ഉണ്ടാക്കി.

ആര്‍.ബി.ഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശവും കേന്ദ്രത്തിന് തിരിച്ചടിയായി.

കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നമുണ്ടായതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കല്‍ക്കരി കുടിശ്ശികയെക്കുറിച്ചും സത്യാവാങ് മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

ആര്‍.ബി.ഐ തീരുമാനം എടുത്തുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ആര്‍.ബി.ഐയുടെ മറുപടി പരിശോധിക്കുമ്പോള്‍ കേന്ദ്രം ആര്‍.ബി.ഐക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്നാണ് കോടതി കേന്ദ്രത്തെ വിമര്‍ശികൊണ്ട് പറഞ്ഞിരിക്കുന്നത്.

മൊറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി ബെഞ്ച് വാദം കേള്‍ക്കുകയാണ്.

സ്ഥിരകാല വായ്പകള്‍ക്കും ഇ.എം.ഐ പേയ്‌മെന്റുകള്‍ക്കുമായി ഉപഭോക്താക്കള്‍ക്കായി 6 മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. മൊറട്ടോറിയം കാലയളവ് ആഗസ്റ്റ് 31 ന് അവസാനിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: government needs to spend more not lend more rahul-gandhi

We use cookies to give you the best possible experience. Learn more