പോലീസ് കാവലില്‍ ഹാദിയയെ ഘര്‍വാപസി നടത്താന്‍ ശ്രമിച്ചത് സര്‍ക്കാര്‍ അന്വേഷിക്കണം; സുപ്രിം കോടതി വിധി പ്രതീക്ഷയ്‌ക്കൊത്തുള്ളതല്ലെന്നും സ്വാമി അഗ്നിവേശ്
India
പോലീസ് കാവലില്‍ ഹാദിയയെ ഘര്‍വാപസി നടത്താന്‍ ശ്രമിച്ചത് സര്‍ക്കാര്‍ അന്വേഷിക്കണം; സുപ്രിം കോടതി വിധി പ്രതീക്ഷയ്‌ക്കൊത്തുള്ളതല്ലെന്നും സ്വാമി അഗ്നിവേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2017, 8:41 am

ന്യൂദല്‍ഹി: പോലീസ് കാവലില്‍ ഇരിക്കുമ്പോള്‍ തന്നെ ഹാദിയയെ ഘര്‍വാപ്‌സി നടത്താന്‍ ആര്‍.എസ്.എസിന്റെ കീഴിലുള്ള കാക്കനാട്ടെ ശിവശക്തി യോഗാ സെന്റര്‍ അടക്കം ശ്രമം നടത്തിയത് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും പ്രശ്‌നം സുപ്രീം കോടതി പരിഗണിക്കണമെന്നും സാമുഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു.

ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ് കേരള പോലീസ് കാവലില്‍ ഇരിക്കുമ്പോഴാണ് ഇത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റപ്പെടേണ്ടവയാണ്. ഹാദിയയുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി പ്രതീക്ഷയ്‌ക്കൊത്തുള്ളതല്ലെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായവും പക്വതയും ഹാദിയയ്ക്കുണ്ടെന്നും അഗ്നിവേശ് പറഞ്ഞു.


Also Read സമരത്തെ പിന്തുണച്ചവര്‍ ഭരണത്തില്‍; ആദിവാസികള്‍ സമരഭൂമിയില്‍ തുടരുന്നു


ഹാദിയ പ്രശ്‌നത്തില്‍ ഐ.എസ് ബന്ധമുണ്ടെങ്കില്‍ അക്കാര്യം അന്വേഷിച്ചു തെളിയിക്കണം. അല്ലാതെ ഐ.എസ് ബന്ധം സംശയിച്ചു വ്യക്തിസ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതു ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ പഠനം തുടരുന്നതിന് കഴിഞ്ഞ ദിവസം സേലത്ത് എത്തിയ ഹാദിയ താന്‍ നിരന്തരം പീഡനത്തിന് ഇരയായിരുന്നെന്നും ഘര്‍വാപ്സി നടത്തുന്നതിനായി തൃപൂണിത്തുറ യോഗകേന്ദ്രം അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ കൗണ്‍സിലിംങും മറ്റുമായി എത്തിയിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു.

ഇത് മതത്തിന്റെയും ജാതിയുടെയും പ്രശ്നമായി അവതരിപ്പിക്കരുത് ഇത് യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശത്തിന്റെ പ്രശ്നമാണെന്നും ഹാദിയ പറഞ്ഞിരുന്നു.