തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലിലെ ഗൂഢാലോചനയില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്‍ മന്ത്രി കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. 153, 120(B) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
പി.സി. ജോര്‍ജും കേസില്‍ പ്രതിയാകും. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇതിന് പിന്നില്‍ പി.സി. ജോര്‍ജും സ്വപ്‌ന സുരേഷുമാണെന്നാണ് ജലീല്‍ പരാതിയില്‍ പറയുന്നത്. കള്ള ആരോപണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് കെ.ടി. ജലീല്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി രാവിലെ ഡി.ജി.പിയുമായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുമായും ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ.ടി. ജലീല്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.
സ്വപ്ന സുരേഷിനും പി.സി. ജോര്‍ജിനുമെതിരെയാണ് കെ.ടി. ജലീലിന്റെ പരാതി. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടില്‍ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
മുമ്പ് നടത്തിയ പ്രസ്താവനകള്‍ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്ന ചെയ്തിരിക്കുന്നതെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
നുണപ്രചരണം നടത്തി കേരളത്തിന്റെ സ്ഥിരതയെ തകര്‍ക്കാനാണ് ശ്രമം. ഇതിന് മുമ്പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്ന നടത്തിയിട്ടുണ്ട്. ഒന്നരവര്‍ഷത്തോളം ജയിലിലായിരുന്നു സ്വപ്ന.
അന്ന് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ പോലും ഒന്നും കണ്ടെത്തിയില്ല. ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞു.
CONTENT HIGHLIGHTS : Government moves take case against Swpana Suresh and PC George in KT Jaleel’s complaint