തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിന് കാരണമായ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. വസ്തു കൈവശം വെച്ചിരിക്കുന്ന വസന്ത ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പേരില്‍ ഭൂമി കൈമാറാനാണ് സാധ്യത. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫീസുകളിലെ രേഖകളിലുണ്ട്.
നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ഈ വസ്തു 1989ല്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് ലഭിച്ചതാണ്. 12 വര്‍ഷം കഴിഞ്ഞേ ഭൂമി കൈമാറാന്‍ പാടൂ എന്ന പദ്ധതിയുടെ ചട്ടം ലംഘിച്ച് സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി ഭൂമി സുഗന്ധി എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.
സുഗന്ധിയില്‍ നിന്നാണ് 2007ല്‍ വസന്ത ഭൂമി വാങ്ങുന്നത്. വീണ്ടും പന്ത്രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പേ ആണ് വസന്തയ്ക്ക് ഭൂമി കൈമാറിയത്. അതുകൊണ്ട് വസന്തയുടെ കൈവശം ഭൂമി വന്നത് നിയമവിരുദ്ധമായാണെന്ന് റവന്യൂ ഡേപ്യൂട്ടി കളക്ടര്‍ കണ്ടെത്തിയിരുന്നു.
ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം. സര്‍ക്കാര്‍ തീരുമാനിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് ജില്ലാ ഭരണകൂടം പോവും.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് മരണപ്പെട്ടത്. ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.
രാജന്റെ മൃതദേഹം പോങ്ങില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ അടക്കി. മക്കള്‍ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയര്‍ത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Government moves cancel lease disputed land in neyyatinkara case