| Friday, 20th April 2012, 8:23 am

വട്ടിപ്പലിശയ്ക്ക് പണം നല്‍കിയാല്‍ മൂന്ന് വര്‍ഷം തടവ്, കടക്കാരന്‍ ആത്മഹത്യ ചെയ്താലും ജയിലിനകത്താവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വട്ടിപ്പലിശക്കാരെ നിയന്ത്രിക്കാന്‍ നിയമമൊരുങ്ങുന്നു. വട്ടിപ്പലിശയ്ക്ക് പണം കടംകൊടുക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും 30,000പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമം നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
വട്ടിപ്പലിശ മാഫിയയ്ക്ക് പൊലീസിലെ ഒരു വിഭാഗം കുടപിടിക്കുന്നതായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നത്.

വട്ടിപ്പലിശക്കാരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് 2003 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ അതേ മാതൃകയില്‍ കേരള പ്രൊഹിബിഷന്‍ ഓഫ് ചാര്‍ജിംഗ് എക്‌സോര്‍ബിറ്റന്റ് റേറ്റ് ഒഫ് ഇന്ററസ്റ്റ് (കൊള്ളപ്പലിശ ഈടാക്കല്‍ തടയല്‍ നിയമം) എന്ന പേരിലാണ് നിയമം അണിയറയില്‍ ഒരുങ്ങുന്നത്.

1958ലെ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം വാണിജ്യബാങ്കുകള്‍ തങ്ങളുടെ വായ്പയ്ക്ക് ഈടാക്കുന്ന പലിശമാത്രമേ വ്യക്തികള്‍ കടമായി നല്‍കുമ്പോഴും ഈടാക്കാവൂ എന്നാണ് വ്യവസ്ഥ.

വാണിജ്യ ബാങ്കുകള്‍ അതാത് കാലങ്ങളില്‍ നിശ്ചയിക്കുന്ന വായ്പാ നിരക്കിനേക്കാള്‍ രണ്ടു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കിയാല്‍ അത് വട്ടിപ്പലിശയായി കണക്കാക്കി നിയമ നടപടിയെടുക്കാം എന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ.

കടക്കെണിയിലായവര്‍ക്ക് തങ്ങള്‍ പലിശക്കാരനു നല്‍കേണ്ട തുകയും അതിന് മണിലെന്‍ഡേഴ്‌സ് ആക്ട് നിര്‍ദ്ദേശിക്കുന്ന നിരക്കിലുള്ള പലിശയും ചേര്‍ത്ത് നേരിട്ട് കോടതിയില്‍ അടയ്ക്കാം എന്ന സുപ്രധാന വ്യവസ്ഥയോടെയാണ് ബില്‍ തയ്യാറാകുന്നത്. പലിശ മാഫിയ കടക്കാരെ ഭീഷണിപ്പെടുത്തുകയും പണം തിരികെ നല്‍കുമ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നതായ പരാതി പരിഹരിക്കാനാണ് ഈവ്യവസ്ഥ.

നിശ്ചിത തുക കടം വാങ്ങിയതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ നല്‍കണം. പിന്നീട് കോടതിയുടെ അന്വേഷണത്തിനുശേഷം കടം നല്‍കിയ ആള്‍ക്ക് പണവും പലിശയും നല്‍കും. പണം കടം വാങ്ങിയ വ്യക്തിയുടെയോ കുടുംബാംഗങ്ങളുടെയോ ആത്മഹത്യയ്ക്കുതൊട്ടു മുന്‍പ് കടം നല്‍കിയ വ്യക്തിയോ അയാളുടെ സംഘാംഗങ്ങളോ ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നാല്‍ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പണം പലിശയ്ക്കു നല്‍കിയ വ്യക്തിക്കായിരിക്കും. അങ്ങനെ തെളിയിക്കാനായില്ലെങ്കില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റം ചുമത്തി പലിശക്കാരനെ ജയിലിലടയ്ക്കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ടാകും.

എന്നാല്‍ രജിസ്‌റ്റേഡ് സ്ഥാപനങ്ങള്‍ക്കും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാകില്ല. ഹയര്‍ പര്‍ച്ചേസ്, വാഹന സി.സി എന്നിവയും ഇതിന്റെ പരിധിയില്‍ വരില്ലെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more