| Wednesday, 11th October 2017, 7:45 pm

'അയാള്‍ കേന്ദ്രമന്ത്രിയാണ്, ജെയ് ഷായുടെ ചാര്‍ട്ടേഡ് അക്കൗണ്ടല്ല...'; അമിത് ഷായുടെ മകനെ പ്രതിരോധിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആരോപണ വിധേയനായ അമിത് ഷായുടെ മകന്‍ ജെയ് ഷായെ പ്രതിരോധിച്ച കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ.

വായ്പയില്‍ ഇളവ് ലഭിച്ച വാര്‍ത്ത പുറത്തുവന്നതിനെ പ്രതിരോധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനം നടത്തിയതും സ്വകാര്യ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ രംഗത്തെത്തിയതും മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” കേസിന്റെ മെറിറ്റിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. അത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണ്. പക്ഷെ ജെയ് ഷായെ പ്രതിരോധിക്കാന്‍ പിയൂഷ് ഗോയല്‍ കാട്ടിയ വ്യഗ്രതയെ കുറിച്ച് ചിലത് പറയാനുണ്ട്. അദ്ദേഹമൊരു കേന്ദ്രമന്ത്രിയാണ്, അല്ലതെ ജെയ് ഷായുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റല്ല.” എന്‍.ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്‍ഹയുടെ പ്രതികരണം.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസിന് 16000 മടങ്ങ് വരുമാന വര്‍ധനയുണ്ടായതായി ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.


Also Read:  ‘വാക്കുകള്‍ കൊണ്ടും ചുവടുകള്‍ കൊണ്ടും തിളങ്ങി രാഹുല്‍’; മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ രാഹുലിന്റെ ‘ഗോത്രനൃത്തം’; വീഡിയോ വൈറലാകുന്നു


ഇതിനു പിന്നാലെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും സര്‍ക്കാരിനുനേരെ തിരിഞ്ഞത്. ബി.ജെ.പിയുട അഴിമതി വിരുദ്ധമുഖം നഷ്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരായ ആരോപണത്തില്‍ കേന്ദ്രം അന്വേഷണത്തിനു തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമസ്ഥാപനത്തിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജയ് ഷാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല യശ്വന്ത് സിന്‍ഹ കേന്ദ്രത്തെ വിമര്‍ശിക്കുന്നത്. നോട്ടു നിരോധനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചെന്ന് സിന്‍ഹ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more