| Wednesday, 23rd August 2023, 10:19 pm

ജി.എസ്.ടി കാരണം സര്‍ക്കാരിന് വരുമാനം നഷ്ടമാകുന്നു; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ജി.എസ്.ടി കാരണം സര്‍ക്കാരിന് വരുമാനം നഷ്ടമാകുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. ജി.എസ്.ടി അവതരിപ്പിച്ചപ്പോള്‍ ധനകാര്യ വകുപ്പിന് ചില കണക്കുകൂട്ടലുണ്ടായിരുന്നുവെന്നും അദ്ദേഹം കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ പങ്കെടുത്ത് സംസാരിച്ചു.

‘അനുയോജ്യമായ ജി.എസ്.ടി എന്നത് ഒരൊറ്റ നിരക്കിലുള്ളതാണ്. അത് വരുമാനം നിഷ്പക്ഷമായിരിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. ജി.എസ്.ടി കൊണ്ടു വരുമ്പോള്‍ ധനവകുപ്പിന് ചില കണക്കുകൂട്ടലുണ്ടായിരുന്നു. വരുമാനം നിഷ്പക്ഷമാക്കുന്നതിന് ശരാശരി ജി.എസ്.ടി നിരക്ക് കുറഞ്ഞത് 17 ശതമാനം ആയിരിക്കണം.
ഇപ്പോള്‍ ശരാശരി നിരക്ക് 11.4 ശതമാനമാണ്. അതിനാല്‍ ജി.എസ്.ടി കാരണം സര്‍ക്കാരിന് വരുമാനം നഷ്ടപ്പെടുന്നു,’ ദെബ്രോയ് പറഞ്ഞു.

പൊതുജനങ്ങളും ജി.എസ്.ടി കൗണ്‍സിലിലെ അംഗങ്ങളും 28 ശതമാനം നികുതി നിരക്ക് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂജ്യം ശതമാനമോ, മൂന്ന് ശതമാനമോ നികുതി നിരക്ക് ഉയരാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ദെബ്രോയ് കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയെങ്കില്‍ നമുക്ക് ഒരിക്കലും ലളിതമായ ജി.എസ്.ടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരിന് ചെലവഴിക്കണമെങ്കില്‍ വരുമാനം വേണം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി 10 ശതമാനം ജി.ഡി.പി ചെലവഴിക്കണം. മൂന്ന് ശതമാനം പ്രതിരോധത്തിലും 10 ശതമാനം അടിസ്ഥാന വികസനത്തിനും വേണം.

എന്നാല്‍ നമ്മള്‍ പൗരന്മാര്‍ ജി.ഡി.പിയുടെ 15 ശതമാനം നികുതിയായി നല്‍കുന്നുണ്ട്. പക്ഷേ നമ്മുടെ ആവശ്യവും പ്രതീക്ഷയും 23 ശതമാനമാക്കുകയെന്നാണ്.

അതുകൊണ്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കൂടുതല്‍ നികുതി അടക്കാന്‍ നാം തയ്യാറാകണം. അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള പോലുള്ള എയര്‍പോര്‍ട്ടുകളോ ചൈനയിലും മറ്റുമുള്ള റെയില്‍വേ സ്റ്റേഷനുകളോ നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യ വളര്‍ച്ചാ നിരക്ക് കുത്തനെ കുറയുകയാണെന്നും 2035ന് ശേഷം വയോജനങ്ങളുടെ ഭാരം രാജ്യത്തിന് വെല്ലുവിളിയാകുമെന്നും ദെബ്രോയ് പറഞ്ഞു.

‘സന്തുലിത ജനസംഖ്യ പിരമിഡ് ഉണ്ടെങ്കില്‍ വയോജനങ്ങളുടെ സാമൂഹ്യ സുരക്ഷ കൈകാര്യം ചെയ്യാന്‍ കഴിയും. യുവാക്കള്‍ തൊഴില്‍ സേനയിലേക്ക് വരികയും അവരുടെ സംഭാവനകള്‍ വൃദ്ധരുടെ സാമൂഹിക സുരക്ഷാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യണം.

ജനസംഖ്യ വര്‍ധനവിന്റെ വാര്‍ഷിക നിരക്ക് 0.8 ശതമാനമാണ്. 2035നപ്പുറം ഇന്ത്യ വളരെ വേഗം വയസാകും. സമ്പന്നമാകുന്നതിന് മുന്നേ പ്രായമായ രാജ്യങ്ങളില്‍ ചൈന നമുക്ക് ഉദാഹരണമാണ്. ഇത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. വയോജനങ്ങളുടെ ഭാരം വളരെ ഗുരുതരമായി ബാധിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെയുണ്ട്.

രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ സ്വഭാവത്തെക്കുറിച്ചും നൈപുണ്യവും വിദ്യാഭ്യാസവും തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മയെക്കുറിച്ചും ആശങ്കയുണ്ട്.

ഇന്ത്യയില്‍ പ്രതിവര്‍ഷം എട്ട് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. നമ്മള്‍ ഏകദേശം അഞ്ച് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. വേണ്ടത്ര ഉത്പാദനക്ഷമതയില്ലാത്തതും കുറഞ്ഞ മൂല്യമുള്ളതുമായ ഈ തൊഴിലുകളുടെ സ്വഭാവമാണ് വലിയ പ്രശ്‌നം,’ ദെബ്രോയ് പറഞ്ഞു.

content highlights: Government loses revenue due to GST; Economic Adviser to the Prime Minister

We use cookies to give you the best possible experience. Learn more