| Tuesday, 28th April 2015, 9:53 am

നെറ്റ് ന്യൂട്രാലിറ്റിയില്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി ഉറപ്പിക്കുന്നതിനുവേണ്ടി ഒരു പൊതു നിയമം രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). യു.എസിലെ നിയന്ത്രണ നിയമങ്ങളെ ടെലികോം സേവന ദാതാക്കള്‍ ആവര്‍ത്തിച്ച് വെല്ലുവിളിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു നിയമം അത്യാവശ്യമാണ് എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഈ തീരുമാനം. നിലവില്‍ വിവേചനരഹിതമായ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് സര്‍ക്കാരോ നിയന്ത്രണ അതോറിറ്റിയോ ഒരു നിയമ നിര്‍മ്മാണവും നടത്തിയിട്ടില്ല.

ഇന്ത്യന്‍ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നെറ്റ് ന്യൂട്രാലിറ്റി ഉറപ്പിക്കുന്നതിനായുള്ള കൃത്യമായ നടപടികളെടുക്കുന്നതിനുവേണ്ടി ആറംഗ കമ്മറ്റിയെ ടെലികോം മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. മെയ് രണ്ടാമത്തെ ആഴ്ച്ചയോടെ ഈ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന് പുറത്ത് നിന്നുമുള്ള ആപ്ലിക്കേഷനുകള്‍ അടക്കമുള്ള പ്രമുഖ സേവനദാതാക്കള്‍ക്കുമേല്‍ കടുത്ത തീരുമാനങ്ങള്‍ ഇതിലൂടെ ഉണ്ടാവാനാണ് സാധ്യത.

അതേസമയം നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ എയര്‍ടെല്‍, റിലയന്‍സ് എന്നിവര്‍ വിവിധ കണ്ടന്റ് പ്രൊവൈഡര്‍മാരുമായി സഹകരിച്ച് അവരുടെ വെബ്‌സൈറ്റുകള്‍ക്ക് സൗജന്യ ആക്‌സസ് അനുവദിക്കാനുള്ള നടപടി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്.

ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച ഉപഭോഗ നിരക്ക് കാരണം നെറ്റ് വര്‍ക്കുകളില്‍ തിരക്ക് അനുഭവപ്പെടുന്നതടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനാലാണ് ഇന്റര്‍നെറ്റിലെ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ഒരു ഇന്റര്‍നെറ്റ് ട്രാഫിക് മാനേജ്‌മെന്റ് ടൂള്‍ കൊണ്ടുവരാന്‍ ടെലികോം സേവന ദാതാക്കള്‍ നിര്‍ബന്ധിതരാകുന്നതെന്ന് ടെലികോം മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇതിനൊപ്പമാണ് നെറ്റ് ന്യൂട്രാലിറ്റിക്ക് വിഘാതമാവുന്ന ചീതരുമാനങ്ങളും അവര്‍ കൈക്കൊണ്ടത്.

ഇത്തരത്തില്‍ ഇന്റര്‍നെറ്റിന് വര്‍ധിച്ച് വരുന്ന ആവശ്യകതയും പ്രാധാന്യവും മുന്‍നിര്‍ത്തി  ഇന്റര്‍നെറ്റില്‍ ചെയ്യേണ്ടവയും ചേയ്യേണ്ടാത്തകാര്യങ്ങളും കൃത്യമായി നിശ്ചയിക്കാനുള്ള നടപടികളാണ് ട്രായും ടെലികോം മന്ത്രാലയവും കൈക്കൊള്ളാനൊരുങ്ങുന്നത്.

We use cookies to give you the best possible experience. Learn more