തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്റെ കത്ത്. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തില്‍ ഉറപ്പു നല്‍കുന്നുണ്ട്. കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും കത്തിലുണ്ട്.
വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കുകയും ഇന്ന് ഉച്ചയ്ക്ക് തുടര്‍സമരപരിപാടികള്‍ പ്രഖ്യാപിക്കാനുമൊരുങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കത്ത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നപടികളും കത്തിലുണ്ട്. ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണനയിലുണ്ട്. റിപ്പോര്‍ട്ട് പ്രകാരം വകുപ്പ് തല നടപടികള്‍ക്ക് ഉടന്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബം ആവശ്യപ്പെടുന്ന ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാകും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനും തയ്യാറാണെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ആദ്യം സര്‍ക്കാര്‍ നടപടിയെടുക്കട്ടെയെന്നും അതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാമെന്നുമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് പറയുന്നു എന്നല്ലാതെ ഞങ്ങളുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് അവരെ പുറത്താക്കണം. ഇത് ചെയ്തിട്ടില്ല. ഇപ്പറഞ്ഞ രീതിയില്‍ നടപടിയെടുത്തു കാണിക്കണം. എന്നാല്‍ മാത്രമേ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാനാവൂ. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.
വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും അട്ടപ്പളത്തെ വീട്ടില്‍ എത്തിയിരുന്നു. കേസില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ പുനര്‍ അന്വേഷണം വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
വിധി വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം മുതല്‍ ഒരാഴ്ചയാണ് സമരപരിപാടികള്‍ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.
ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്‌ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.
കഴിഞ്ഞമാസം കൊച്ചിയിലും ഇവര്‍ ഉപവാസ സമരം നടത്തിയിരുന്നു. നേരത്തെ വാളയാര്‍ സമരസമതി ഹൈക്കോടതിക്ക് മുന്നില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരവും നടത്തിയിരുന്നു.
2017 ജനുവരി 13 നാണ് ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ മാര്‍ച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെണ്‍കുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്തവര്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ പൊലീസിനും പ്രോസിക്യൂഷനുമായിരുന്നില്ല. ഇതോടെ ഏഴ് പേരില്‍ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്യുകയായിരുന്നു.
Content Highlight: Kerala Govt Send Letter To Valayar childs Mother
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ