national news
രാജ്യത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 04, 02:50 pm
Saturday, 4th May 2024, 8:20 pm

ന്യൂദല്‍ഹി: കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ എന്ത് കുറ്റകൃത്യങ്ങൾ നടന്നാലും പ്രധാനമന്ത്രിയും അമിത് ഷായും മൗനത്തിലായിരിക്കുമെന്നാണ് പ്രിയങ്ക പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രിയും അമിത് ഷായും അറിയാതെ പ്രജ്വുല്‍ രേവണ്ണക്ക് രാജ്യം വിടാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘രാജ്യത്തെ എല്ലാ വിഷയങ്ങളും അറിയുന്ന പ്രധാനമന്ത്രിയും അമിത് ഷായും പ്രജ്വുല്‍ രേവണ്ണ രാജ്യം വിട്ടത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതികള്‍ക്കെതിരെ ഗവണ്‍മെന്റ് തീര്‍ച്ചയായും ശക്തമായ നടപടി സ്വീകരിക്കണം,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലാണ്. ഹത്രാസ് കേസിലും, മണിപ്പൂര്‍ വിഷയത്തിലും, വനിതാ ഗുസ്തി താരങ്ങള്‍ക്ക് എതിരെ നടന്ന ലൈംഗികാതിക്രമത്തിലുമെല്ലാം സര്‍ക്കാര്‍ മൗനം പാലിച്ചു. ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം പ്രജ്വല്‍ രേവണ്ണക്കെതിരെ രാഹുല്‍ ഗന്ധിയും രംഗത്തെത്തിയിരുന്നു. 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രജ്വല്‍ രേവണ്ണക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പീഡനത്തെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും മോദി കര്‍ണാടകയിലെത്തി അയാള്‍ക്ക് വേണ്ടി വോട്ട് ചോദിച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേസിലെ മറ്റൊരു പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എച്ച്.ഡി. രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. എന്നാല്‍ പ്രജ്വല്‍ രേവണ്ണ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്.

Content Highlight:  government keeps silent when women are attacked in country: Priyanka Gandhi