ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകോപനപരമായി ഹാഷ്ടാഗ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍. എത്രയും വേഗം ഹാഷ്ടാഗുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് ഐ.ടി മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ്ടാഗിനെതിരെയാണ് കേന്ദ്രത്തിന്റെ നീക്കം. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യമാണിതെന്ന് പറഞ്ഞ് അഞ്ച് പേജുള്ള നോട്ടീസാണ് കേന്ദ്രം ട്വിറ്ററിനയച്ചിട്ടുള്ളത്.
വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യമല്ലെന്നും ക്രമസമാധാനത്തിന് ഭീഷണിയാണെന്നും നോട്ടീസില്‍ പറയുന്നു.
നേരത്തെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇന്ത്യയിലെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വാര്‍ത്തയായതോടെ വിലക്ക് നീക്കി.
കാരവാന്‍ മാഗസിന്‍, കിസാന്‍ ഏക്താ മോര്‍ച്ച, ആദിവാസി നേതാവ് ഹന്‍സരാജ് മീന, നടന്‍ സുശാന്ത് സിംഗ് അടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് മരവിപ്പിട്ടിരുന്നത്. ഇത്തരത്തില്‍ 250 ഓളം ട്വിറ്റര്‍ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
നേരത്തെ ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ നോയിഡ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു.
എന്നാല്‍ വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വിനോദ് കെ ജോസ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ദ വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കേസെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക