സുരേന്ദ്രനെ കള്ളക്കേസില്‍ കുടക്കിയത് ശ്രദ്ധതിരിക്കാന്‍; സുന്ദരയെ സ്‌പോണ്‍സര്‍ ചെയ്തത് സി.പി.ഐ.എമ്മും ലീഗും: ബി.ജെ.പി
Kerala News
സുരേന്ദ്രനെ കള്ളക്കേസില്‍ കുടക്കിയത് ശ്രദ്ധതിരിക്കാന്‍; സുന്ദരയെ സ്‌പോണ്‍സര്‍ ചെയ്തത് സി.പി.ഐ.എമ്മും ലീഗും: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2023, 6:57 pm

തിരുവനന്തപുരം: ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ക്രൈംബ്രാഞ്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ബി.ജെ.പി.

കെ. സുരേന്ദ്രനെതിരായ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ല. സുന്ദര താന്‍ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ കേസ് എടുക്കുകയായിരുന്നവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആരോപിച്ചു.

കെ.സുരേന്ദ്രനെതിരായ കള്ളക്കേസ് ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. സുധീര്‍ പറഞ്ഞു.

‘ആലുവയിലുള്ള സി.പി.ഐ.എം പ്രവര്‍ത്തകനായ സുരേഷാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സി.പി.ഐ.എം ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സുന്ദര ജോലി ചെയ്യുന്നത് സി.പി.ഐ.എമ്മിന്റെ സഹകരണ സ്ഥാപനത്തിലാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും റിബലായി മത്സരിക്കുന്ന സുന്ദരയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് സി.പി.ഐ.എമ്മും ലീഗും ചേര്‍ന്നാണ്,’ എന്നും പി.സുധീര്‍ ആരോപിച്ചു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബുധനഴ്ചയാണ് കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കക്കൊണ്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

സുരേന്ദ്രന്‍ അടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെ കേസില്‍ ചുമത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

സുരേന്ദ്രന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകളും പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Content Highlight: Government is Taking False Case against K Surendran alleges BJP