ന്യൂദല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പി സര്‍ക്കാരിന്റെ അഹങ്കാരം വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ വനിതാ താരങ്ങളുടെ ശബ്ദത്തെ ബൂട്ടുകള്‍ കൊണ്ട് ചവിട്ടിമെതിക്കുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഇത് തെറ്റാണെന്നും ഈ അനീതിയും അഹങ്കാരവും ജനങ്ങള്‍ കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
‘ബി.ജെ.പിയുടെ അഹങ്കാരം വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വനിതാ താരങ്ങളുടെ ശബ്ദത്തെ ബൂട്ടുകള്‍ കൊണ്ട് ചവിട്ടിമെതിക്കുന്നു. ഇത് തെറ്റാണ്. സര്‍ക്കാരിന്റെ അഹങ്കാരവും അനീതിയും രാജ്യത്തെ മുഴുവന്‍ ജനങ്ങളും കാണുന്നുണ്ട്’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
കളിക്കാരുടെ നെഞ്ചിലെ മെഡലുകള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും ഈ മെഡലുകള്‍ മൂലമാണ് രാജ്യത്തിന്റെ യശസ്സുയര്‍ന്നതെന്നും പ്രിയങ്ക പറഞ്ഞു.
‘കളിക്കാരുടെ നെഞ്ചിലെ മെഡലുകള്‍ രാജ്യത്തിന്റെ അഭിമാനമാണ്. കായിക താരങ്ങളുടെ കഠിനാധ്വാനവും ഈ മെഡലുകളും കാരണമാണ് രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നത്,’ പ്രിയങ്ക കുറിച്ചു.
ഞായറാഴ്ച രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സമരത്തിന് പിന്തുണയുമായെത്തിയ നിരവധി സ്ത്രീകളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു.
സമരത്തില്‍ പങ്കെടുത്തവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പൊലീസ് ശ്രമത്തെ താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ താരങ്ങളെ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗുസ്തി താരങ്ങളുടെ സമരവേദികള്‍ ദല്‍ഹി പൊലീസ് പൊളിച്ചുനീക്കുകയും ചെയ്തു.
35 ദിവസമായി ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങള്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തുകയാണ്. നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Contenthighlight: government is mercilessly trampling the voices of our women players under their boots: Priyanga Gandhi