| Tuesday, 2nd November 2021, 7:52 pm

മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യണം; സര്‍ക്കാര്‍ ഇടപെടും, വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസിനായി സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. 15 ദിവസമെങ്കിലും തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.

അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനുള്ള ശ്രമം സമാന്തരമായി നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ചര്‍ച്ച. തിയേറ്റര്‍ തുറക്കാത്തപ്പോഴാണ് ഓവര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പ്രസക്തമാവുന്നതെന്ന് സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മരക്കാര്‍ നിര്‍മ്മാതാവും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയേറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ആന്റണി പെരുമ്പാവൂരും തിയേറ്റര്‍ ഉടമകളും തയ്യാറാവാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒ.ടി.ടിയില്‍ നിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക തിയേറ്ററുകാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നിലപാടെടുത്തതോടെയാണ് കഴിഞ്ഞ ദിവസം ചര്‍ച്ച പരാജയപ്പെട്ടത്.

സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം. ഓരോ തിയേറ്റര്‍ ഉടമകളും 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മിനിമം ഗ്യാരണ്ടി എന്ന സമ്പ്രദായം കേരളത്തിലില്ലെന്നും, അഡ്വാന്‍സായി 10 കോടി നല്‍കാമെന്നുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Government intervention for the Lion Theater release of the Marakkar: Arabi Kadalinte simham

We use cookies to give you the best possible experience. Learn more