| Friday, 24th August 2012, 9:49 am

എസ്.എം.എസ്. നിയന്ത്രണം: അഞ്ചില്‍ നിന്നും 20 ആയി വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസാം കലാപം സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് എസ്.എം.എസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. ഒരു ഫോണില്‍നിന്ന് ഒരുദിവസം അയയ്ക്കാവുന്ന എസ്.എം.എസുകളുടെ എണ്ണം അഞ്ചില്‍നിന്ന് 20 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു.[]

അഞ്ജാത എസ്.എം.എസുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൂട്ട പാലായനം നടത്തുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എസ്.എം.എസിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ പറഞ്ഞു.

ആസാമിലെ കലാപത്തിന് പകരം വീട്ടുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി എസ്.എം.എസുകള്‍ പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് സ്വദേശത്തേക്ക് പലായനം ചെയ്തത്. നിര്‍മാണത്തൊഴിലാളികള്‍ മുതല്‍ ഐ.ടി രംഗത്തുള്ളവര്‍ വരെ സ്വദേശത്തേക്ക് തിരിച്ചുപോയിരുന്നു.

നാട്ടില്‍ നിന്നും ആശങ്ക നിറഞ്ഞ വിളികള്‍ വന്നതോടെ വിദ്യാര്‍ത്ഥികള്‍, കോള്‍സെന്റര്‍ ജീവനക്കാര്‍, സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ എന്നിവരെല്ലാം നഗരംവിട്ടു.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സ്വദേശത്തേക്ക് മടങ്ങേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചിരുന്നു.

ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാനാരംഭിച്ചത്.

We use cookies to give you the best possible experience. Learn more