| Thursday, 16th May 2024, 8:39 am

ഷാജന്‍ സ്‌കറിയക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് കൊണ്ട് ഷാജന്‍ സ്‌കറിയെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്.സി, എസ്.ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

ഷാജന്‍ സ്‌കറിയക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പരിരക്ഷ നല്‍കരുത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പി.വി. ശ്രീനിജന് എതിരായ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും അവഹേളിക്കുകയെന്ന ഉദ്ദേശത്തോടെ പ്രസ്താവനകള്‍ നടത്തുകയായിരുന്നു എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പരിരക്ഷ നല്‍കരുതെന്നും ഷാജന്‍ സ്‌കറിയ അത്തരം പരിരക്ഷക്ക് അര്‍ഹനല്ലെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.വി. ദിനേശ് കോടതിയോട് ആവശ്യപ്പെട്ടു. അറിഞ്ഞുകൊണ്ട് കുറ്റം ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള ദാക്ഷിണ്യവും പാടില്ലെന്നും പി.വി. ദിനേശ് ആവശ്യപ്പെട്ടതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഫേസ്ബുക്കില്‍ പി.വി. അന്‍വര്‍ എം.എല്‍.എയും ഷാജന്‍ സ്‌കറിയയും തമ്മിലുള്ള തര്‍ക്കം ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പുഴു സിനിമയെയും മമ്മൂട്ടിയെയും കുറിച്ചും ഷര്‍ഷാദ് എന്ന വ്യക്തി മറുനാടന്‍ മലയാളിയില്‍ നടത്തിയ അഭിമുഖം ദുരുദ്ദേശത്തോടെ തയ്യാറാക്കിയതെന്നാണ് പി.വി. അന്‍വര്‍ ആരോപിച്ചത്. ഇത് സംബന്ധിച്ച ഒരു ഫോണ്‍കോള്‍ റെക്കോഡും അന്‍വര്‍ പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെ ഷാജന്‍ സ്‌കറിയെ പി.വി. അന്‍വറിനെ അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ‘വര്‍ഗീയത മാത്രം വിളമ്പി, നാട് കുട്ടിച്ചോറാക്കി, ആ കൊലച്ചോര്‍ വിറ്റ് ജീവിക്കുന്ന സയനൈഡ് ഫാക്ടറിയില്‍’ വന്ന് അഭിമുഖം തരില്ലെന്ന് പറഞ്ഞ് അന്‍വര്‍ ഈ ക്ഷണം നിരസിക്കുകയും ചെയ്തു.

content highlights: Government in Supreme Court against Shajan Skaria; Demand to remove ban on arrest

We use cookies to give you the best possible experience. Learn more