ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala News
ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 10:16 am

തിരുവനന്തപുരം: ഹാരിസണ്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിതന്നെയാണെന്ന് സ്‌പെഷ്യല്‍ ലീവ് പെറ്റീഷനിലൂടെ കോടതിയെ അറിയിക്കും.

കൂടാതെ ഇരുപതിനായിരം ഏക്കര്‍ ഹാരിസണ്‍ ഭൂമിയുടെ പാട്ടവ്യവസ്ഥകള്‍ നവീകരിക്കാനും റവന്യു വകുപ്പ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 2015 മെയിലാണ് ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന 6335 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്.


Read: അമിത്ഷായുടെ മകനോട് മാപ്പ് പറയാന്‍ തയ്യാറല്ല; വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു: സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി ‘ദ വയര്‍’


സ്‌പെഷ്യല്‍ ഓഫീസര്‍ ടി. രാജമാണിക്യത്തിന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ റോബിന്‍ഹുഡ് ആകേണ്ടെന്ന നിശിത വിമര്‍ശനത്തോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയത്.

ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

ഭൂമി ഏറ്റെടുത്തത് നിയമപ്രകാരമാണെന്നും ഹാരിസണ്‍ ഭൂരേഖകളില്‍ കൃത്രിമം കാണിച്ചുവെന്നുമായിരിക്കും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുക.


Read:  പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തല്ലിതകര്‍ത്ത് പി.സി ജോര്‍ജ് എം.എല്‍.എ; ടോള്‍ ഇടപാടെ നിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും എം.എല്‍.എ


സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചിലകരാറുകളും വിദേശികള്‍ക്ക് ഭൂമി കൈവശം വെക്കാനുള്ള അവകാശവും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇല്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് ആലോചിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് അറിയിക്കുന്നത്.

സുപ്രീംകോടതിയില്‍ എസ്.എല്‍.പി നല്‍കാനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ പാട്ടഭൂമിയാണെന്ന് ഹാരിസണ്‍ തന്നെ സമ്മതിച്ച 20000 ഏക്കറിന്റെ പാട്ടവ്യവസ്ഥകള്‍ പരിശോധിക്കാനും പുതുക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പാട്ടവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് പൂര്‍ണമായി ബോധ്യപ്പെട്ടാല്‍ ഭൂമി തിരിച്ചുപിടിക്കാനാക്കും.