| Saturday, 16th November 2019, 4:26 pm

'ഗോഡ്‌സെയുടെ ചരമ വാര്‍ഷികത്തില്‍ പ്രത്യേക പൂജ' ; ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് മധ്യപ്രദേശ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ 70-ാം ചരമ വാര്‍ഷികത്തില്‍ പ്രത്യേക പൂജ നടത്തിയ ഹിന്ദു മഹാസഭാ അംഗങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന നിയമമന്ത്രി പി.സി ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഇത് ദേശവിരുദ്ധ നടപടിയാണ്. ഗോഡ്‌സെയ്ക്ക് വേണ്ടി പൂജ നടത്തിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്താനും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഗ്വാളിയോര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ”ശര്‍മ്മ പറഞ്ഞു.

വിഷയം അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഗ്വാളിയര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സതേന്ദ്ര തോമര്‍ പറഞ്ഞു.

ഗോഡ്‌സെയുടെയും അദ്ദേഹത്തിന്റെ സഹായി നാരായണ ആപ്തെയുടെയും വധശിക്ഷയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇന്നലെ ഹിന്ദു മഹാസഭാ അംഗങ്ങള്‍ ഗ്വാളിയര്‍ ഓഫീസില്‍ പരിപാടി സംഘടിപ്പിച്ചത്.

ഗോഡ്സെയെ വിചാരണ ചെയ്ത നടപടി മധ്യപ്രദേശിലെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മഹാസഭയിലെ അംഗങ്ങള്‍ ഗോഡ്‌സെയുടെയും ആപ്തയുടെയും ചിത്രത്തില്‍ മാലയിടുകയും പൂജയും ആരതിയും നടത്തുകയുമായിരുന്നു.

2017 ല്‍ ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ പ്രതിമ ഈ ഓഫീസില്‍ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്വാളിയര്‍ ജില്ലാ ഭരണകൂടം പ്രതിമ പിടിച്ചെടുത്ത് അവിടെ നിന്ന് മാറ്റിയിരുന്നു

അതേസമയം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് രംഗത്തെത്തി.

”ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ആര്‍ക്കും തങ്ങളുടെ സ്വകാര്യ സ്ഥലത്ത് ഏത് പൂജയും നടത്താം. അവര്‍ ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയോ ഞങ്ങളുടെ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കും. കോണ്‍ഗ്രസിനെതിരെ രാജ്യത്തുടനീളം ഞങ്ങള്‍ പ്രതിഷേധം നടത്തും”-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഗോഡ്‌സെയ്ക്ക് വേണ്ടി പൂജ നടത്തിയ ഹിന്ദുമഹാ സഭാ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതിനുള്ള ഹിന്ദുമഹാസഭയുടെ ശ്രമത്തെ അപലപിക്കുന്നെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.

”ഇത് അക്രമത്തെ മഹത്വപ്പെടുത്തുന്നതാണ്. ഇത്തരം നടപടികള്‍ അപലപനീയമാണ്. ഇവര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിക്കുന്നില്ല. രാജ്യത്ത് ഒരു സുപ്രീംകോടതി ഉണ്ടായിരുന്നിട്ടും ബ്രിട്ടീഷ് രാജ്ഞിയ്ക്ക് മുന്‍പില്‍ മാപ്പപേക്ഷ കൊടുത്ത ആളാണ് ഗോഡ്‌സെ”-സംസ്ഥാന കോണ്‍ഗ്രസ് മീഡിയ സെല്‍ വൈസ് പ്രസിഡന്റ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി പ്രതിമയിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്ത് മരണം പുനരാവിഷ്‌കരിക്കുകയായിരുന്നു ഹിന്ദു മഹാസഭ.

ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. കാവി വസ്ത്രം ധരിച്ചെത്തിയ പൂജ ശകുന്‍ പാണ്ഡെ ഗാന്ധി പ്രതിമയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നതായി കാണിക്കുമ്പോള്‍ പ്രതിമയില്‍ നിന്ന് രക്തം വരികയായിരുന്നു. ഇതിന് ശേഷം ഇവര്‍ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more