തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ സംഭവത്തിന്റെ പേരില്‍ കലാലയ രാഷ്ട്രീയത്തിനെതിരെ കോടതി പൊതുനിലപാടെടുക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കലാലയ രാഷ്ട്രീയ നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
Also Read:“യു.എ.ഇയില്‍ എനിക്ക് ജീവന് ഭീഷണിയുണ്ടായിരുന്നു”: ഖത്തറില്‍ അഭയം തേടിയ യു.എ.ഇ രാജകുമാരന്‍
സര്‍ക്കാറിനുവേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ രവീന്ദ്രനാഥാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. കലാലയ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് മൂന്നുതവണ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ആ ഉറപ്പ് പാലിക്കപ്പെട്ടില്ല.
ഇതിന്റെ പരിണിതഫലമാണ് അഭിമന്യു വധമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു സര്‍ക്കാര്‍ കോളജിലാണ് ഇത്തരമൊരു സംഭവമുണ്ടായത് എന്നത് ഞെട്ടിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Also Read:ലോകകപ്പ് ഫൈനലില്‍ ഗ്രൗണ്ടിലേക്ക് ഓടിയ “പുസ്സി റയറ്റ്” അംഗങ്ങളെ ജയിലിലടച്ചു
അഭിമന്യു വധം ഒറ്റപ്പെട്ട സംഭവമാണെന്ന സര്‍ക്കാര്‍ നിലപാടും കോടതി തള്ളി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രതിഷേധിക്കാനും മറ്റും അവകാശമുണ്ട്. എന്നാല്‍ കോളജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകാന്‍ പാടില്ലെന്നും വ്യക്തമാക്കി.
കലാലയ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.