“ആഹാരം കൊടുക്കുന്നതുള്‍പ്പെടെ ഒരു കുട്ടിയുടെ ദൈനംദിന ജീവിതത്തില്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഒരു അമ്മ എങ്ങിനെയാണോ അതുപോലെതന്നെയാണ് ഞങ്ങള്‍ ഇവരോട് പെരുമാറുന്നത്. ഒരു പക്ഷേ സ്വന്തം മക്കളെ പരിചരിക്കുന്നതിലും അധികം. കാരണം സാധാരണ കുട്ടികളെ പോലെയല്ല ഇവര്‍. സാധാരണ അധ്യാപകരെപ്പോലെ ഇവര്‍ക്ക് ക്ലാസെടുത്ത് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷേ ഞങ്ങള്‍ക്ക് കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ കിട്ടുന്നതിനേക്കാള്‍ തുച്ഛമായ തുക മാത്രമാണ്..” ഇത് കേരളത്തിലെ ഏത് സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെ കണ്ടാലും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന വാക്കുകളാണ്. പരാതിയല്ല ജീവിതാവസ്ഥ തുറന്നു കാട്ടുകയാണ് സംസ്ഥാനത്തുടനീളം വരുന്ന സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെയും അവരെ പരിചരിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സര്‍ക്കാര്‍ അവഗണിക്കുന്നതായുള്ള പരാതി ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ പരാതികള്‍ക്ക് പരിഹാരം കാണേണ്ട സര്‍ക്കാര്‍ തങ്ങള്‍ക്കായി ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതിനനുസരിച്ച് പുതിയ പഠനങ്ങളും റിപ്പോര്‍ട്ടുകളും വരുന്നെന്നല്ലാതെ ഇതില്‍ യാതൊരു വിധ നടപടികളും കൈക്കൊണ്ടില്ലെന്നാണ് സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ പറയുന്നത്. തങ്ങള്‍ നേരിടുന്ന അവഗണന പൊതുജനമധ്യത്തില്‍ തുറന്നു കാട്ടുന്നതിനായി കഴിഞ്ഞ തിരുവോണ നാളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും കലക്ടറേറ്റുകള്‍ക്കു മുന്നില്‍ സ്‌പെഷല്‍ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപകര്‍ പട്ടിണി സമരം നടത്തിയിരുന്നു.
ശമ്പള സ്‌കെയില്‍ പുതുക്കിയതായി സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായെങ്കിലും ഫണ്ടിന്റെ 20 ശതമാനം ഓണറേറിയമായി ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ 2,000 രൂപാ അധിക ഓണറേറിയം നല്‍കിയിരുന്നെങ്കിലും അതും നിലച്ചപ്പോഴായിരുന്നു സമരം. 2015ലാണ് 500 രൂപ ഓണം ബത്ത കിട്ടിയത്. ഇപ്രാവശ്യം 1,000 രൂപ അനുവദിച്ചിരുന്നത്.
സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവോണ നാളിലെ പട്ടിണി സമരം. എന്നാല്‍ പ്രതിഷേധം മാധ്യമങ്ങളില്‍ വാര്‍ത്തയായി ഒതുങ്ങിയപ്പോള്‍ അധികാരികള്‍ വീടുകളില്‍ തിരുവോണം ആഘോഷിക്കുകയായിരുന്നു.
ഉത്സവബത്തയും മുന്‍കൂര്‍ ശമ്പളവും വാങ്ങി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരും ഓണവും പെരുന്നാളും ആഘോഷിക്കുമ്പോള്‍ തങ്ങള്‍ക്കിതുവരെ ശമ്പളമോ ഉത്സവ ബത്തയോ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ കൂട്ടായ്മയായ സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പട്ടിണിസമരം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ 234 സ്‌പെഷല്‍ സ്‌കൂളുകളിലായി അയ്യായിരത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അരലക്ഷത്തിലധികം കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്നത്.
സമരം നടത്തിയും നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ചും സര്‍ക്കാരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെയും സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് ഇപ്പോഴും ജോലി സ്ഥിരതയും മിനിമം വേതനവും ഉറപ്പായിട്ടില്ലെന്നും സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍ മാസ്റ്റര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സമരം നടത്തിയെന്നല്ലാതെ ഇതുവരെ തങ്ങളുടെ ഒരാവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. സമരത്തിന്റെ ഭാഗമായി തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനെ നിയോഗിച്ചിരിക്കുകയാണെന്നും ഈ മേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പറയുന്ന പ്രഭാകരന്‍ മാസ്റ്റര്‍ എല്ലാ സര്‍ക്കാരും അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഇത്തരത്തില്‍ കമ്മീഷനെ നിയോഗിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കലുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാറില്ലെന്നും പറയുന്നു.
2004 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുണ്ടായിരുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്ക് മാറ്റുന്നത്. നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമായിരുന്നു സ്പെഷ്യല്‍ സ്‌കൂളുകളെ വിദ്യാഭ്യസവകുപ്പിനു കീഴില്‍ കൊണ്ടുവരിക എന്നത് ഈ ഒരുമാറ്റം കൊണ്ടുവന്നു എന്നല്ലാതെ വേറെയൊന്നും അന്നു സര്‍ക്കാര്‍ ചെയ്തില്ലെന്ന് പറയുന്ന അധ്യാപകര്‍ അതിനുശേഷം വന്ന അച്യതാനന്ദന്‍ സര്‍ക്കാരും കാര്യമായി ഒന്നും ചെയ്തില്ലെന്നും വിമര്‍ശിക്കുന്നു.
സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരും ആയമാരും നിരന്തരം അവഗണന നേരിടുന്ന സാഹചര്യത്തില്‍ സംഘടനകള്‍ വീണ്ടും സമരരംഗത്തിറങ്ങുകയും ഇതിന്റെ ഭാഗമായി 2008 ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് മുന്‍കൈയ്യെടുത്ത് ബഡ്ജറ്റില്‍ പത്തുകോടി സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.
നിലവില്‍ രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്രത്തിന്റെ സഹായം കിട്ടാത്തതുമായ സ്‌കൂളുകള്‍ക്ക് ഗ്രാന്റായി നല്‍കാനുമായിരുന്നു ബഡ്ജറ്റ് പ്രഖ്യാപനമെന്നും അച്യുതാനന്ദന്‍ സര്‍ക്കാര്‍ മാറി വീണ്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എത്തിയപ്പോഴും അതേകാര്യം ആവര്‍ത്തിക്കപ്പെടുകയല്ലാതെ കൂടുതല്‍ ഒന്നും ചെയ്തിരുന്നില്ലെന്നും പ്രഭാകരന്‍ മാസ്റ്റര്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് സ്പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിച്ചിരുന്നെന്നു പറഞ്ഞ പ്രഭാകരന്‍ മാസ്റ്റര്‍ ആ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടില്‍ 168 കാര്യങ്ങളായിരുന്നു ഉള്‍പ്പെട്ടിരുന്നതെന്നും വ്യക്തമാക്കി. “സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഓരോന്നായി നടപ്പിലാക്കി വരുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ് വരുന്നത്. പിന്നീട് ഭരണം മാറി പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു. ഇത്തരത്തില്‍ ഓരോ സര്‍ക്കാരും കമ്മീഷനെ വയ്ക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെങ്കിലും ഭരണംമാറുന്നതോടെ ആ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും” അദ്ദേഹം പറയുന്നു.
പട്ടിണി സമരത്തില്‍ സംഘടന മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം എന്നതായിരുന്നു. “2008 മുതല്‍ തന്നെ ശമ്പള കാര്യത്തില്‍ വിവിധ നിര്‍ദ്ദേശങ്ങളുണ്ട് എന്നല്ലാതെ ഒന്നും നടപ്പിലാകുന്നില്ല. ഒരു മാനേജ്മെന്റും അത് നടപ്പിലാക്കുന്നില്ല. കാരണം ഗവണ്‍മെന്റില്‍നിന്നു കിട്ടുന്ന ഗ്രാന്റ് ആവശ്യമുള്ളതിന്റെ നാലില്‍ ഒന്നുമാത്രമാണ്.” പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു.
താന്‍ ജോലി ചെയ്യുന്ന സ്‌കൂളിന് സര്‍ക്കാര്‍ ഗ്രാന്റില്‍ നിന്ന് നാലര ലക്ഷം രൂപ ആകെ അനുവദിക്കുമ്പോള്‍ സ്‌കൂളില്‍ അധ്യാപകര്‍ക്ക് ശമ്പള ഇനത്തില്‍ തന്നെ ഒരു വര്‍ഷത്തേക്ക് 22 ലക്ഷം രൂപ ചിലവു വരുന്നുണ്ടെന്ന് മുക്കം സ്പെഷ്യല്‍ സ്‌കൂളിലെ പ്രധാനധ്യാപകന്‍ കൂടിയായ പ്രഭാകരന്‍ മാസ്റ്റര്‍ പറയുന്നു.
സര്‍ക്കാര്‍ വര്‍ഷത്തില്‍ അനുവദിക്കുന്ന ഈ തുക മാനേജ്മെന്റിനു അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ മാത്രമേ തികയൂവെന്നും അതിനാല്‍ തന്നെ അധ്യാപകരുടെ ശമ്പളത്തിനായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തണമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അനുവദിക്കുന്ന തുക തന്നെ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും അധ്യാപകര്‍ക്കുണ്ട്.
മുന്‍ വര്‍ഷങ്ങളിലൊക്കെ സര്‍ക്കാര്‍ ഗ്രാന്റായി മൂന്നു മുതല്‍ നാലു ലക്ഷം വരെ ഓരോ വിദ്യാലയത്തിനും ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പാടെ വെട്ടിക്കുറക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. വര്‍ഷംതോറും ജൂണിലാണു ഗ്രാന്റ് കിട്ടിയിരുന്നത്. ജീവനക്കാരുടെ വേതനത്തിനും വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും തുക വിനിയോഗിക്കുന്നതോടെ പിന്നീടുള്ള മാസങ്ങളില്‍ ജീവനക്കാരുടെ വേതനം നല്‍കുന്നത് പ്രശ്നത്തിലാവുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പത്തുകോടിയിലെ തുക സ്‌കൂളുകള്‍ക്ക് കെട്ടിടം അനുവദിക്കാനും മറ്റു സൗകര്യങ്ങള്‍ക്കുമാണ് നല്‍കുന്നതെന്നും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഫണ്ട് വിതരണം ഇതുവരെയും നടന്നിട്ടില്ലെന്നും പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു.
സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 294 സ്പെഷ്യല്‍ സ്‌കൂളുകളാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഒരു സ്‌കൂള്‍ മാത്രമാണ് ഇതില്‍പ്പെടുന്നത്. ഇത് തലസ്ഥാനമായ തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. ബാക്കി വരുന്ന 293 സ്‌കൂളുകളും വളന്ററി ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴിലുള്ളതാണ്.
ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലുമാണ്. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനു പല മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നത്. എണ്ണം കുറക്കുന്നതിനായാണ് ഇത്തരത്തില്‍ മാനദണ്ഡം ഏര്‍പ്പാടാക്കിയെതെന്നും 100 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന സ്‌കുളുകള്‍ അതും പതിനെട്ട് വയസില്‍ താഴെയുള്ളര്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കായിരുന്നു എയ്ഡഡ് പദവി നല്‍കിയിരുന്നതെന്നും പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള 33 സ്‌കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. പീന്നീട് രണ്ടാംഘട്ടത്തില്‍ അമ്പത് കുട്ടികളില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തീരുമാനിച്ചിരുന്നു. 112 സ്‌കൂള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന്റെയൊക്കെ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. സാങ്കേതികത്വം ഒന്നുകൂടി മനസിലാക്കി പഠിച്ചതിനു ശേഷം ആലോചിക്കാമെന്നുള്ള നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ മുന്നോട്ടു വച്ചത്.
സര്‍ക്കാരില്‍ നിന്നു സ്പെഷ്യല്‍ സ്‌കൂളുകള്‍ അവഗണന നേരിടുമ്പോഴും തങ്ങള്‍ ആവശ്യപ്പെടുന്നത് മിനിമം വേതനവും ജോലിസ്ഥിരത ഉറപ്പും മാത്രമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. “അംഗന്‍വാടി ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനമെങ്കിലും നല്‍കണം. അത് ഉറപ്പു വരുത്തണം അതിനുള്ള ഗ്രാന്റ് സര്‍ക്കാര്‍ തന്നെ നീക്കിവെക്കണം, അതില്‍ ഫണ്ടില്ലെന്നുള്ള ന്യായങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. മറ്റു അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും ഞങ്ങള്‍ക്കില്ല, പെന്‍ഷനില്ല, മാനേജ്മെന്റ് നാളെ ഇറങ്ങിപോകാന്‍ പറഞ്ഞാല്‍ ഇറങ്ങിപോകണം വേറെയൊന്നും ഞങ്ങള്‍ക്കില്ല. 25 ഉം 30 ഉം വര്‍ഷമായ ആളുകള്‍ ഒരു ഉറപ്പുമില്ലാതെ അര്‍ഹമായ വേതനം വരെ ലഭിക്കാതെ ഈ മേഖലയിലുണ്ട്. ആരോഗ്യം മോശമായാല്‍ ഇറങ്ങിപോകണം ദയനീയമാണ് അവസ്ഥ”. പ്രഭാകരന്‍ മാസ്റ്റര്‍ പറയുന്നു.
പട്ടിണി സമരത്തിന്റെ തുടര്‍ച്ചയായി ഈ മാസം 29 നു സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്ത് ജീവനക്കാരുടെ സംഗമം നടത്താന്‍ പോവുകയാണ് സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍. സര്‍ക്കാറിന്റെ നിലപാട് കൂടി അറിഞ്ഞതിനു ശേഷം ജനുവരി മുതല്‍ നിരന്തരമായ സമര പരിപാടികള്‍ നടത്താനാണ് യൂണിയന്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ പൂര്‍ണ്ണമായും തങ്ങളെ അവഗണിക്കുകയാണെന്നും പ്രഭാകരന്‍ മാസ്റ്റര്‍ പറയുന്നു. “നൂറു ശതമാനവും സര്‍ക്കാരില്‍ നിന്ന് അവഗണന നേരിടുന്ന വിഭാഗമാണ് സ്പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍. സ്‌കൂളുകള്‍ക്ക് ഗ്രാന്റ് കൊടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞേക്കാം. അത് അവിടെ മാറ്റി നിര്‍ത്തിയാല്‍ ഇവിടെ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം കിട്ടുന്നുണ്ടോ എന്ന സംവിധാനം സര്‍ക്കാര്‍ നോക്കുന്നില്ല.” അദ്ദേഹം പറയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ സാധാരണ സ്‌കൂളിലെ അധ്യാപകരേക്കാള്‍ കൂടുതല്‍ പരിഗണനയും വേതനവും സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ലഭിക്കാറുണ്ടെന്നും എല്ലായിടത്തും അങ്ങിനെയാണെന്നും പറയുന്ന അധ്യാപകര്‍ സാധാരണ കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള പണിയാണിതെങ്കിലും ആരും ഇത് പരിഗണിക്കുന്നില്ലെന്നും പറയുന്നു.
സാധാരണ സ്‌കൂളുകളേക്കാള്‍ ചിലവും ഭൗതിക സൗകര്യവും ആവശ്യമുള്ള വിദ്യാലയമാണ് സ്പെഷ്യല്‍ സ്‌കൂളുകളെന്നും ആ പരിഗണന തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പ്രഭാകരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു. “അംഗനവാടി ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കാത്തവരാണ് ഈ മേഖലയിലെ ഭൂരിഭാഗവും. ഒരു തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്ന 250 രൂപ പോലും ദിവസം ലഭിക്കാത്തവരാണ് ഇവിടെയുള്ളത്. ആയമാരുടെ കാര്യങ്ങളെല്ലാം കഷ്ടമാണ്.
ആത്മാര്‍ത്ഥത കൊണ്ടുമാത്രം പിടിച്ചു നില്‍ക്കുന്നവരാണ് ഇവരിലേറെയും. ആറായിരത്തോളം പേരുണ്ട് ഈ മേഖലയില്‍ ഇതില്‍ 4,500 ഓളം പേര്‍ കുടുംബമായി ജീവിക്കുന്നവരാണ്. ബാക്കി കുറച്ച് പേര്‍ കന്യാസ്ത്രീകളും മറ്റു സന്നദ്ധ പ്രവര്‍ത്തകരുമാണ്. അവരെ മാറ്റി നിര്‍ത്തിയാല്‍ ഈ കുടുംബമായി ജീവിക്കുന്നവരുടെ ചിലവുകള്‍ ആലോചിക്കാവുന്നതേയുള്ളു. മിനിമം 250 രൂപയെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ട്.” അദ്ദേഹം പറയുന്നു.
നിരന്തരം അവഗണന നേരിടേണ്ടി വരുന്നതിനാല്‍ പലരും ഈ മേഖലയില്‍ നിന്നു കൊഴിഞ്ഞു പോകുന്നത് പതിവാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ എസ്.എസ്.എയില്‍ പുതിയ നിയമനം നടക്കാത്തതുകൊണ്ട് പലരും ഈ മേഖലയില്‍ പിടിച്ച് നില്‍ക്കുകയാണ്. അവസരം കിട്ടിയാല്‍ മറ്റുള്ളവരും പോകുമെന്നും എംപ്ലോയീസ് യൂണിയന്‍ പറയുന്നു.
കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യസം നല്‍കണമെന്നതാണ് സ്പെഷ്യല്‍ സ്‌കൂളിന്റെ ലക്ഷ്യം പക്ഷേ മെച്ചപ്പെട്ട സൗകര്യമില്ലാത്തതിനാല്‍ നല്ല അധ്യാപകരെന്നു പറയാന്‍ കഴിയുന്ന ആരും ഇവിടെ തുടരുകയില്ലെന്നും മാന്യമായ വേതനം കിട്ടിയില്ലെങ്കില്‍ അവര്‍ കൊഴിഞ്ഞുപോകുമെന്നും പറയുന്ന അധ്യാപകര്‍ ഇത് കുട്ടികളെയാണ് ബാധിക്കുകയെന്നും മികച്ച വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാതെ വരുമെന്നും പറയുന്നു.