| Friday, 3rd August 2018, 3:11 pm

സര്‍ക്കാരാശുപത്രികളില്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നു; ആരോഗ്യവകുപ്പിന്റെ മൗനത്തിനെതിരെ പ്രതിഷേധം ശക്തം

ഗോപിക

ആരോഗ്യത്തെപ്പറ്റി വളരെയധികം വ്യാകുലപ്പെടുത്തുന്ന വരുമാനത്തിന്റെ പകുതിയിലധികം തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ചെലവിടുന്ന കേരളത്തില്‍ ദന്താരോഗ്യത്തെപ്പറ്റിയുള്ള അറിവുകള്‍ പരിമിതമാണെന്ന് റിപ്പോര്‍ട്ടുകള്‍. പുകയില, ശംഭു, തുടങ്ങി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്.

ഇത്തരത്തില്‍ വായില്‍ രോഗങ്ങള്‍ വരുന്ന സാഹചര്യവും വര്‍ധിച്ചിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ഡെന്റല്‍ ഡോക്ടര്‍മാരില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഡെന്റല്‍ സര്‍ജന്‍മാരുടെ നിയമനത്തിനായി പി.എസ്.സി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 467 പേരുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയിരുന്നു. ഇതില്‍ ആകെ നിയമനം ലഭിച്ചത് പത്ത് പേര്‍ക്ക് മാത്രമാണ്.


ALSO READ: അയ്യപ്പനും ഗതിയില്ല; പ്ലാസ്റ്റിക് കൂമ്പാരമായി ശബരിമല


ഈ കുറഞ്ഞ നിയമനം വെച്ച് സംസ്ഥാനത്തെ സാധാരണക്കാരായ രോഗികള്‍ക്ക് സേവനം എത്തിക്കാന്‍ സാധിക്കില്ല. ആയതിനാല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ തീരുമാനം ഉണ്ടെങ്കിലും ഇതുവരെ അക്കാര്യത്തില്‍ നടപടിയായിട്ടില്ല.

കേരളത്തില്‍ ദന്താരോഗ്യത്തെ പറ്റിയുള്ള അവബോധം വളരെ കുറവാണ്. വായയുടെ ആരോഗ്യ സംരക്ഷണം (Dental hygiene) ചെറുപ്രായത്തില്‍ തുടങ്ങേണ്ടതാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രൊഫസര്‍ കൂടിയായ കെ.പി അരവിന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ ദന്താരോഗ്യ സേവനങ്ങള്‍ പ്രധാനമായും മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ആയി ഒതുങ്ങുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യമേഖലയെ ആശ്രയിക്കുന്നു. അതിനു കഴിയാത്തവര്‍ ദന്താരോഗ്യത്തെ പാടെ അവഗണിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

എല്ലാ താലൂക്ക് ആശുപത്രികളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഈ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തിന് അടുത്തെങ്ങും നമ്മള്‍ എത്തിയിട്ടില്ല. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഈ സേവനം എത്തിക്കുക എന്നതായിരിക്കണം ദീര്‍ഘകാല ലക്ഷ്യം.


ALSO READ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു


ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒട്ടേറെ ഡോക്ടര്‍, നഴ്‌സ് തസ്തികകള്‍ ഉണ്ടാക്കിയെന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. എല്ലാം ചെയ്യണം പക്ഷെ പുതിയ പോസ്റ്റ് ഇല്ല എന്ന് വര്‍ഷങ്ങളായി കേട്ടു വരുന്ന സര്‍ക്കാര്‍ പല്ലവിയില്‍ നിന്ന് വലിയൊരു മാറ്റം കുറിക്കുന്നതാണിത്. ദന്തല്‍ മേഖലയിലോട്ടു കൂടെ ഇതു വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡെന്റല്‍ പാസ്സായി വരുന്ന ഡോക്ടര്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ രൂക്ഷമാണ്. യാതൊരു ആലോചനയുമില്ലാതെ തലങ്ങും വിലങ്ങും സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതിന്റെ ദുരന്തഫലമാണിത്. 5000 -10000 രൂപയ്ക്ക് ജോലിയെടുക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലെ യുവ ദന്തഡോക്ടര്‍മാര്‍ക്കുള്ളത്. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഈ മേഖലയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളില്‍ മതിയായ ഡെന്റല്‍ വിഭാഗം ഡോക്ടര്‍മാര്‍ ഇല്ലാത്തത് അനുഗ്രഹമാകുന്നത് സ്വകാര്യ ഡെന്റല്‍ ആശുപത്രികള്‍ക്കാണ്. വന്‍തുക രോഗിയില്‍ നിന്ന് സ്വകാര്യ ഡെന്റല്‍ ആശുപത്രികള്‍ ഈടാക്കുന്നുണ്ടെന്ന് വ്യാപക പരാതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.


ALSO READ: അഹല്യ ഹോസ്പിറ്റലിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുന്ന മിഷയെ പൊലീസ് അറസ്റ്റ് ചെയ്തു; ജയിലിലും നിരാഹാരം തുടരുമെന്ന് മിഷ


നിലവിലെ കണക്കുകള്‍ പ്രകാരം സര്‍ക്കാരാശുപത്രികളില്‍ ഏറ്റവും കുറവ് ഡെന്റല്‍ ഡോക്ടര്‍മാരുള്ളത് ഡെന്റല്‍ വിഭാഗത്തിലാണ്. അതേസമയം കേരള ഡെന്റല്‍ കൗണ്‍സില്‍ 2018 മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുടെ എണ്ണം ഇരുപതിനായിരത്തിലധികം വരും.

എന്നാല്‍ നിലവില്‍ സര്‍ക്കാരാശുപത്രികളില്‍ ഉള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ എണ്ണം 134 ആണ്. അതേസമയം ഇവരെ ജില്ലാശുപത്രികളിലും താലുക്ക് ആശുപത്രികളിലുമാണ് നിയമിച്ചിരിക്കുന്നത്.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്. ഇവിടങ്ങളില്‍ ഡെന്റല്‍ സര്‍ജന്‍മാരെ നിയമിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ള തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സര്‍ക്കാര്‍ തസ്തികയില്‍ ഉള്ള മറ്റ് വിഭാഗം ഡോക്ടര്‍മാരുടെ എണ്ണം ഡെന്റല്‍ ഡോക്ടര്‍മാരെക്കാള്‍ വളരെ കൂടുതലാണ്. അലോപ്പതി വിഭാഗത്തിലുള്ള അസിസ്റ്റന്റ് സര്‍ജന്‍മാരുടെ എണ്ണം 5168 ആണ്.

ആയുര്‍വേദ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം 943 ആണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഹോമിയോ ഡോക്ടര്‍മാരുടെ എണ്ണം 671 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഭാഗത്തിലെ ഡെന്റല്‍ ഡോക്ടര്‍മാരുടെ എണ്ണം നാമമാത്രമായിരിക്കുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more