ഡോക്ടര്‍ക്ക് കൊവിഡ് 19; ദല്‍ഹിയിലെ സര്‍ക്കാര്‍ കാന്‍സര്‍ ആശുപത്രി അടച്ചു
COVID-19
ഡോക്ടര്‍ക്ക് കൊവിഡ് 19; ദല്‍ഹിയിലെ സര്‍ക്കാര്‍ കാന്‍സര്‍ ആശുപത്രി അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 4:38 pm

ന്യൂദല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു. ദല്‍ഹിയിലെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ ഒ.പി വിഭാഗവും ഓഫീസുകളും ലാബുകളും അടക്കുകയും ശുചീകരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യു.കെ യില്‍ നിന്ന് വന്ന ബന്ധുവിനെ കാണാന്‍ പോയതിനാലാണ് ഡോക്ടര്‍ക്കും കൊവിഡ് ബാധിച്ചതെന്ന് ആശുപത്രിയില്‍ നിന്ന് വ്യക്തമാക്കി.

‘യു.കെയില്‍ നിന്നും വന്ന സഹോദരനില്‍ നിന്നും ഭാര്യയില്‍ നിന്നുമാണ് ഡോക്ടര്‍ക്ക് രോഗം വന്നതെന്ന് സംശയിക്കുന്നു. ഡോക്ടര്‍ ഈയടുത്ത് ഇവരെ സന്ദര്‍ശിച്ചിരുന്നു,’ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ അറിയിച്ചു.

120 പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് പിടിപെട്ടത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. തബ് ലിഗി ജമാഅത്തിന്റെ ദല്‍ഹിയിലെ ആസ്ഥാനമായ മര്‍ക്കസ് നിസാമുദ്ദീനില്‍ നിന്നും വന്ന 24 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കും ഇതിന് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്നും വന്ന ഒരു രോഗിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് കണക്കു കൂട്ടുന്നത്.

ഇന്ത്യയില്‍ ഇതുവരെ 1701 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 കേസുകളും റിപ്പോര്‍ച്ച് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 53 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.